twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിരക്കഥ ആരെഴുതിയാലെന്ത്...

    By Staff
    |

    ''നാല്പത് സിനിമയെടുത്തിട്ടും സിനിമയെ കുറിച്ചൊന്നുമറിയാത്ത ചില ആളുകള്‍ കേരളത്തിലുണ്ട്. തമിഴിലെ കച്ചവട സിനിമയില്‍ പോലും ഒരു ഫിലിം മേക്കറെ കണ്ടെത്താന്‍ പറ്റും? ഒരു സിനിമ ഉണ്ടാക്കുന്നതും എഴുതുന്നതുമൊക്കെ അയാളാണ്. സിനിമ ചിലപ്പോള്‍ നന്നാകും. ചിലപ്പോള്‍ മോശമാകും. എന്ത് സംഭവിച്ചാലും അയാള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇവിടെ അങ്ങനെയാണോ? ആരോ എവിടുന്നോ എഴുതിക്കൊണ്ടുവരും. സംവിധായകന്‍ സ്റ്റാര്‍ട്ടും കട്ടും മാത്രം പറഞ്ഞാല്‍ മതി.''

    പറയുന്നത് ടി.വി.ചന്ദ്രനാണ്. പറയുന്നത് സമാന്തര സിനിമയുടെ വക്താവായ ഒരു സിനിമക്കാരനായതു കൊണ്ട് ഒരു കച്ചവട സിനിമാ സംവിധായകന്‍ ഇതിനോട് ആദ്യം പ്രതികരിക്കുന്നത് ടി.വി.ചന്ദ്രന് സിനിമയെടുക്കാന്‍ അറിയാമോ എന്ന് തിരിച്ചു ചോദിച്ചുകൊണ്ടാവും. സമാന്തര സിനിമക്കാരും കച്ചവട സിനിമക്കാരും പരസ്പരം ശത്രുക്കളെ പോലെ കാണുന്നതാണല്ലോ മലയാള സിനിമയിലെ നാട്ടുനടപ്പ്.

    അങ്ങനെയൊരു ചോദ്യം തിരികെ ചോദിക്കാന്‍ കച്ചവട സിനിമക്കാര്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിനു മുമ്പ് ചന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരു കച്ചവട സിനിമാ സംവിധായകന് ബാധ്യതയുണ്ട്.

    ചന്ദ്രന്‍ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. തമിഴിലെ കച്ചവട സിനിമയില്‍ പോലും ഒരു ഫിലിം മേക്കര്‍മാരെ കണ്ടെത്താം. തമിഴിലെ മിക്ക സംവിധായകരും തിരക്കഥാ രചന കൂടി സ്വയം നിര്‍വഹിക്കുന്നവരാണ്. എന്നുവച്ചാല്‍ ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അയാളുടേതാണ്.

    മലയാളത്തില്‍ സ്ഥിതി വേറെയാണ്. കഥ ഒരാളുടേത്. തിരക്കഥ മറ്റൊരാളുടേത്. ചിലപ്പോള്‍ തിരക്കഥയും സംഭാഷണവും വെവ്വേറെ ആളുകള്‍ ചെയ്യുന്നതും കാണാം. കഥയും തിരക്കഥയും സംഭാഷണവും ആരെങ്കിലുമൊക്കെ എഴുതിക്കൊടുത്താല്‍ തലയിലൊരു തൊപ്പിയും വച്ച് ഛായാഗ്രാഹകനോട് സ്റ്റാര്‍ട്ട്, കട്ട് എന്ന് അലറാനായി ഒരു സംവിധായകന്‍ പ്രത്യക്ഷപ്പെടുന്നു.

    പത്മരാജനു ശേഷം മലയാളത്തിലെത്ര ഫിലിം മേക്കര്‍മാരുണ്ടായിട്ടുണ്ട്? തിരക്കഥയും അഭിനയവും പ്രധാനമായി ചെയ്യുന്നതിനിടയില്‍ രണ്ട് സിനിമകളിലൂടെ സംവിധായക പ്രതിഭയുടെ അടയാളങ്ങള്‍ പതിപ്പിച്ച ഒരു ശ്രീനിവാസന്‍. കഥയും തിരക്കഥയും സംഭാഷണവും നായകസ്ഥാനവുമെല്ലാം ഒരു പോലെയേറ്റെടുത്ത് ഒരു പിടി സിനിമകള്‍ ചെയ്ത ഒരു ബാലചന്ദ്രമേനോന്‍. പുതിയ തലമുറയില്‍ ഒരു ബ്ലെസ്സി....

    വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുമെന്ന വിശ്വാസത്തില്‍ രണ്ടോ മൂന്നോ സിനിമക്ക് തിരക്കഥയെഴുതി സംവിധായകന്റെ കുപ്പായം വലിച്ചുകയറ്റിയ ചിലരുമുണ്ട്. അവര്‍ സംവിധാനം ചെയ്ത സിനിമകളുടെ നിലവാരത്തിന്റെ ഗ്രാഫ് ഓരോ സിനിമ കഴിയുന്തോറും താഴോട്ടേക്ക് വരുന്നത് നാം കാണുന്നുമുണ്ട്.

    മലയാള സിനിമ മഹത്താണ് എന്ന് കൊട്ടിഘോഷിക്കാന്‍ കിട്ടുന്ന സമയത്തൊക്കെ ഉത്സാഹിക്കുന്ന സിനിമക്കാര്‍ മലയാള സിനിമ എത്ര ഫിലിം മേക്കര്‍മാരെ സംഭാവന ചെയ്തിട്ടുണ്ടെന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. തിരക്കഥയെഴുതാറില്ലെങ്കിലും സിനിമയുടെ കഥ ആലോചിക്കുന്നതു മുതല്‍ തിരക്കഥയുടെ ഓരോ സൂക്ഷ്മാംശത്തിലും തന്റേതായ പങ്ക് വഹിക്കുന്ന സംവിധായകരുണ്ട്- സത്യന്‍ അന്തിക്കാടിനെ പോലെ. (സത്യനു ഇപ്പോള്‍ തിരക്കഥ എഴുതി തുടങ്ങി) ഒരു തിരക്കഥ പൂര്‍ത്തിയാക്കുന്നതില്‍ സംവിധായകന് നിര്‍ണായകമായ പങ്കുണ്ടെന്ന് കരുതിയിരുന്ന സംവിധായകരില്‍ നിന്നാണ് മലയാളത്തിന് മികച്ച സിനിമകള്‍ ലഭിച്ചിട്ടുള്ളത്. തന്റേതായൊരു വ്യക്തിമുദ്ര തന്റെ സിനിമകളിലുണ്ടെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നു. അത്തരം യാതൊരു നിര്‍ബന്ധങ്ങളുമില്ലാതെ സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റ് കിട്ടിയാല്‍ ആരെയെങ്കിലും കൊണ്ട് കഥയും തിരക്കഥയുമെഴുതിച്ച് സംവിധായകന്റെ റോളില്‍ ആജ്ഞകള്‍ നല്‍കുന്ന ഒരു പിടി സംവിധായകരാണ് ഇന്ന് മലയാളത്തിലുള്ളത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X