പ്രിയങ്കയ്ക്കും കിട്ടുമോ ഉര്‍വശി പട്ടം?
ടി.വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മീരാ ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. സ്ത്രീകഥാപാത്ര കേന്ദ്രിതമായ ആ ചിത്രം കൗമാരത്തില്‍ വിവാഹിതയാവുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ദുരിതകഥയാണ് പറഞ്ഞിരുന്നത്. മീരാ ജാസ്മിനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ആര്യാടന്‍ ഷൗക്കത്താണ് പാഠം ഒന്ന് ഒരു വിലാപത്തിന് തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവും ഷൗക്കത്തായിരുന്നു. ഷൗക്കത്ത് വീണ്ടും ടി.വി.ചന്ദ്രനു വേണ്ടി തിരക്കഥ രചിക്കുന്നു. ഈ ചിത്രം നിര്‍മിക്കുന്നതും ഷൗക്കത്ത് തന്നെ. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ളതാണ് ഈ ചിത്രവും.
പ്രിയങ്കാ നായരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലൂടെ അഭിനയരംഗത്തെത്തിയ പ്രിയങ്ക തമിഴ് ചിത്രം വെയിലിലെ നായികാവേഷത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയയാവുന്നത്. സുരേഷ് ഗോപി ചിത്രം കിച്ചാമണി എംബിഎയില്‍ നായികമാരില്‍ ഒരാളായും അഭിനയിച്ചിട്ടുണ്ട്.
തിലകന്‍, എം.ഗോപകുമാര്‍, ബിജു മേനോന്‍, പ്രവീണ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം കോഴിക്കോട് മഹാറാണി ഹോട്ടലില്‍ നടി സുഹാസിനി നിര്‍വഹിച്ചു. എം.ടി വാസുദേവന്‍ നായര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇരുപത് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കും.


Click it and Unblock the Notifications