ചാനലുകളില്‍ പുതിയ സിനിമയുടെ ഭാഗങ്ങള്‍ വീണ്ടും
കൊച്ചി: പുതിയ സിനിമകളുടെ ക്ലിപ്പിംഗും ഗാനരംഗങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ വീണ്ടും സംപ്രേഷണം ചെയ്യും. ചലച്ചിത്രസംഘടനകളും വിവിധ ടെലിവിഷന്‍ ചാനലുകളുടെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഏഷ്യാനെറ്റ്, സൂര്യ, കൈരളി എന്നീ ചാനലുകളുടെ അധികൃതരും അംഗീകരിച്ചിട്ടുണ്ട്.
ധാരണപ്രകാരം ഒരു സിനിമയുടെ ക്ലിപ്പിംഗ് പ്രദര്‍ശിപ്പിക്കുന്ന സമയം പത്തുമിനിറ്റായി ചുരുക്കും. കൂടാതെ ഒരു പാട്ടു മാത്രമേ മുഴുവനായി പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കൂ. ഇതുതന്നെ വളരെ കുറച്ചു തവണമാത്രമേ ആവര്‍ത്തിക്കാന്‍ പാടൂ. മറ്റു പാട്ടുകളുടെ പല്ലവിയും ചരണവുമോ അല്ലെങ്കില്‍ പല്ലവിയും അനുപല്ലവിയുമോ പ്രദര്‍ശിപ്പിക്കാം.
ക്ലിപ്പിംഗ് എങ്ങനെ പ്രദര്‍ശിപ്പിക്കണമെന്നതിനെക്കുറിച്ച് നിര്‍മ്മാതാവും സംവിധായകനും ചേര്‍ന്ന് ആലോചിച്ച് തീരമാനമെടുക്കണം. സിനിമയുടെ സസ്പെന്‍സ് ചോര്‍ന്നു പോകാത്ത വിധമാകണം ക്ലിപ്പിംഗ് നല്‍കേണ്ടത്. ടോപ്ടെനും സിനിമകളുടെ റേറ്റിംഗ് നിശ്ചയിക്കുന്ന മറ്റു പരിപാടികളും നിര്‍ത്തിവെക്കാന്‍ ചാനല്‍ അധികൃതര്‍ സമ്മതിച്ചു.
മലയാള സിനിമയില്‍ പ്രതിസന്ധി അനിശ്ചിതമായി തുടര്‍ന്ന സാഹചര്യത്തില്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമവായ ശ്രമങ്ങളാണ് പ്രശ്നപരിഹാരത്തിന് സഹായകമായത്. ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍ പ്രത്യേകമായും കൂട്ടായും പല തവണ ചര്‍ച്ചകള്‍ നടത്തിയിതിന്റെ അടിസ്ഥാനത്തിലാണ് ധാരണ ഉണ്ടായത്.


Click it and Unblock the Notifications