ടി.വി.കെ റാലി ദുരന്തം: ഹൃദയഭേദകമായ പോസ്റ്റുമായി വിജയ്, പ്രതികരിച്ച് സിനിമാലോകം
പ്രശസ്ത തമിഴ് നടനും, രാഷ്ട്രീയ നേതാവുമായ ദളപതി വിജയ് നയിച്ച തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെ, വൻ ജനക്കൂട്ടത്തിന്റെ കുത്തൊഴുക്കിനെ തുടർന്ന്, വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, തമിഴ് നാട് അടുത്ത കാലത്തെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയ റാലിയുടെ അവസാനം, ആറ് കുട്ടികൾ ഉൾപ്പെടെ 31 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഔദ്യോഗിക മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന് മുൻപ് രാവിലെ നാമക്കലിൽ നടന്ന ഒരു റാലിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, ഈ സംഭവത്തിന് ശേഷവും, വിജയ്‌യുടെ കരൂർ റാലിക്ക് അധിക സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ല. അത് മാരകമായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലുമാണ് അവസാനിച്ചത്. നാടിനെ നടുക്കിയെ വൻ ദുരന്തത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ, റാലിയിൽ ഉണ്ടായിരുന്ന നേതാവ് വിജയ്, തന്റെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച്, മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ ചെന്നൈയ്ക്ക് മടങ്ങി എന്നാണ് സൂചന.

ഇതിനിടെ, തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉടനെ സംഭവ സ്ഥലത്ത് എത്തുമെന്നാണ് വിവരം. അത് വരെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ അദ്ദേഹം മറ്റ് മന്ത്രിമാരെയും, പോലീസ് മേധാവികളെയും ഏൽപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പക്ഷെ, സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഒരു പോലെ ചോദ്യം ചെയ്യുന്നത്, തിരക്ക് നിയന്ത്രിക്കാനാവാത്ത തമിഴക വെട്രി കഴകം റാലി നടത്താൻ എടുത്ത തീരുമാനത്തെയും, ഈ ദുരന്തത്തെ ഭാവി തമിഴ് നാട് മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ദളപതി വിജയ് നേരിട്ട രീതിയെയുമാണ്. ഇത്രയും വലിയൊരു ദുരന്തം നടന്ന തന്റെ റാലി സ്ഥലത്ത് നിന്നും, രക്ഷാപ്രവർത്തനങ്ങളിൽ പോലും പങ്കെടുക്കാൻ തയ്യാറാവാതെ ചെന്നൈയിലേക്ക് നടൻ ഓടിയൊളിച്ചുവെന്നാണ് ഒരു വലിയ വിഭാഗം പ്രേക്ഷകരും മാധ്യമങ്ങളും ആരോപിക്കുന്നത്.
അതിനിടെ, ഹൃദയഭേദകമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നടന്ന ദുരന്തത്തിൽ അതീവ ദുഖിതനായ വിജയ് അനുശോചനങ്ങൾ രേഖപ്പെടുത്തി. "എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു," താരം എഴുതി.

ഇതിനിടെ പ്രതികരണങ്ങളുമായി സൂപ്പർസ്റ്റാർ രജിനികാന്തും, കമൽ ഹാസനും അടക്കമുള്ള സിനിമ രംഗത്തെ പ്രമുഖരും എത്തി. "കരൂരിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത ഹൃദയഭേദകവും അത്യന്തം വേദനാജനകവുമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് എന്റെ അനുശോചനം," രജിനികാന്ത് തന്റെ എക്സ് പേജിൽ കുറിച്ചു.
"എന്റെ ഹൃദയം വേദനിക്കുന്നു. കരൂരിൽ നിന്നുള്ള വാർത്ത ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. തിക്കിലും തിരക്കിലും ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കാൻ എനിക്ക് കഴിയുന്നില്ല, വാക്കുകൾക്ക് പോലും വഴങ്ങുന്നില്ല. തിക്കിലും തിരക്കിലും പെട്ട് രക്ഷപ്പെടുത്തിയവർക്ക് ഉചിതമായ ചികിത്സയും ഇരകൾക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," ദുരന്തത്തിൽ അനുശോചിച്ചു കൊണ്ട് കമൽ ഹാസൻ കുറിച്ചു.


Click it and Unblock the Notifications











