റെക്കോഡ് സൃഷ്ടിക്കാന്‍ 'ട്വന്റി ട്വന്റി'
താര സംഘടനയായ അമ്മ നിര്‍മിക്കുന്ന "ട്വന്റി ട്വന്റി" ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം താരബാഹുല്യവുമായെത്തുന്ന ട്വന്റി ട്വന്റി റിലീസിംഗിലും ചരിത്രം സൃഷ്ടിക്കും.
ജൂലൈ ആദ്യവാരത്തില്‍ തിയേറ്ററുകളിലെത്തുന്ന ട്വന്റി ട്വന്റി 118 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്. ഇതോടെ കേരളത്തില്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രമായി തീരും ട്വന്റി ട്വന്റി. കേരളത്തിലെ 78 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിച്ച രജനീകാന്തിന്റെ തമിഴ് ചിത്രം ശിവാജിയുടെ റെക്കോഡാണ് ട്വന്റി ട്വന്റി തകര്‍ക്കാനൊരുങ്ങുന്നത്.
സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം സംബന്ധിച്ച വ്യവസ്ഥകളില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരും എക്സിബിറ്റേഴ്സ് അസോസിയേഷനും ധാരണയിലെത്തിയതാണ് നൂറിലേറെ കേന്ദ്രങ്ങളില്‍ ട്വന്റി ട്വന്റി റിലീസ് ചെയ്യുന്നതിന് സാഹചര്യമൊരുക്കിയത്. ചിത്രങ്ങള്‍ എ ക്ലാസ് തിയേറ്ററുകള്‍ക്കൊപ്പം ബി ക്ലാസ് തിയേറ്ററുകളിലും റിലീസ് ചെയ്യാന്‍ അനുമതി നല്‍കാനാണ് സംസ്ഥാന സര്‍ക്കാരും എക്സിബിറ്റേഴ്സ് അസോസിയേഷനും ധാരണയിലെത്തിയത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ട്വന്റി ട്വന്റിയില്‍ മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. എല്ലാ താരങ്ങളും ചിത്രത്തിന്റെ കഥാഗതിയില്‍ പങ്ക് വഹിക്കുന്നുവെന്നതാണ് ട്വന്റി ട്വന്റിയുടെ സവിശേഷത.


Click it and Unblock the Notifications