ട്വെന്റി ട്വെന്റി ജൂണ്‍ 27ന്
അമ്മയുടെ മെഗാ ബജറ്റ് ചിത്രം ട്വെന്റി ട്വെന്റി ജൂണ്‍ 27ന് തീയേറ്ററിലെത്തുമെന്ന് സൂചനകള്‍. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം നൂറിലേറെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
ചിത്രത്തിന്റെ ചിത്രീകരണ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ദിലീപിന്റെ ഏതാനും രംഗങ്ങളും ക്ലൈമാക്സും ഒരു ഗാനവും മാത്രമാണ് ബാക്കിയുളളത്. ഇതും എത്രയും പെട്ടെന്ന് തീര്‍ക്കാമെന്ന് നിര്‍മ്മാതാക്കള്‍ കരുതുന്നു.
മൂന്നു പാട്ടുകളാണത്രേ ചിത്രത്തിലുളളത്. തെന്നിന്ത്യയെ മുഴുവന്‍ തന്റെ പ്രഭാവലയത്തില്‍ കുരുക്കിയിട്ട നയന്‍താരയും മലയാളത്തിലെ യുവനായകന്മാരുമാണ് ഒരു ഗാനത്തില്‍ പങ്കെടുക്കുന്നത്. നയന്‍താര പരമാവധി ഗ്ലാമറില്‍ പ്രത്യക്ഷപ്പെടുന്ന ഈ ഗാനം യുവത്വം ഏറ്റുപാടുമെന്നാണ് സൂചനകള്‍.
മലയാളത്തിലെ എല്ലാ അഭിനേതാക്കളെയും ഉള്‍പ്പെടുത്തി ഒരു ഗാനം ചിത്രീകരിച്ചാലെന്ത് എന്ന ആലോചന നടക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ ഓം ശാന്തി ഓമിലേതു പോലുളള ഒരു ഗാനമാണ് നിര്‍മ്മാതാക്കളും സംവിധായകനും പ്ലാന്‍ ചെയ്യുന്നത്. സമയം ലഭിച്ചാല്‍ ഈ ഗാനം ചെയ്യണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.
ഇന്ത്യയില്‍ തന്നെ അപൂര്‍വ സംഭവമാണ് ഒരു ഭാഷയിലെ പ്രധാന താരങ്ങളെല്ലാം ഒരു ചിത്രത്തില്‍ ഒന്നിക്കുന്ന സിനിമ. സൂപ്പര്‍താരങ്ങളും രണ്ടാം നിരയുമൊക്കെ അണി നിരക്കുന്ന ട്വെന്റി ട്വെന്റി മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനായ ജോഷിയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്നാണ് പ്രക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
118 തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. 75 തീയേറ്ററുകളില്‍ റിലീസ് ചെയ്ത അണ്ണന്‍ തമ്പി റെക്കോര്‍ഡ് കളക്ഷന്‍ നേടിയത് ട്വെന്റി ട്വെന്റിയുടെ നിര്‍മ്മാതാക്കളെ ആവേശം കൊളളിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മീരയുടെ ശാലീന അഴക്


Click it and Unblock the Notifications