4 ദിവസം കൊണ്ട് ദിലീപ് മിന്നിച്ചു! ഫഹദിനെ പൊട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്! കളക്ഷന്‍ റിപ്പോര്‍ട്ട്!!
Recommended Video

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന കാര്യം. മികച്ച നടിയും നടനും സിനിമകളുമെല്ലാം കടുത്ത മത്സരത്തിലായിരുന്നു. പുതിയ വര്‍ഷം തുടങ്ങിയിട്ടേ ഉള്ളുവെന്നതിനാല്‍ ഇനി അടുത്ത വര്‍ഷം ആരൊക്കെ അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്ന് അറിയാന്‍ കാത്തിരിക്കാം. അതേ സമയം ഇപ്പോള്‍ തന്നെ സിനിമകളുടെ മത്സരയോട്ടം ആരംഭിച്ചിരിക്കുകയാണ്.
2019 ജനുവരിയില്‍ വമ്പന്‍ റിലീസുകളൊന്നുമില്ലായിരുന്നു. റിലീസിനെത്തിയതെല്ലാം ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. എന്നാല്‍ ഫെബ്രുവരിയിലെത്തിയ സിനിമകള്‍ കേരളത്തിലും വിദേശത്തും തരംഗമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ വാരിക്കൂട്ടിയ സിനിമകളുടെ കണക്ക് വിവരങ്ങള്‍ ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്.

കുമ്പളങ്ങി നൈറ്റ്‌സ്
നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം മറ്റൊരു സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നീഗം തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും പൂര്‍ണ പിന്തുണ ലഭിച്ചതോടെ ചിത്രം തിയറ്ററുകളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. 10.37 കോടിയാണ് പതിനേഴ് ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

വിജയ് സൂപ്പറും പൗര്‍ണമിയും
2019 ലെ ആദ്യ ഹിറ്റ് സിനിമയെന്ന് പറയാന്‍ കഴിയുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആസിഫ് അലി നായകനായെത്തിയ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ജനുവരിയിലായിരുന്നു റിലീസിനെത്തിയത്. മികച്ചൊരു ഫീല്‍ ഗുഡ് മൂവിയാണെന്നുള്ള അഭിപ്രായം സ്വന്തമാക്കിയതോടെ ബോക്‌സോഫീസിലും നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നു. ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, ദേവന്‍, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, കെപിഎസി ലളിത, ജോസഫ് അന്നക്കുട്ടി ജോസഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും 2.75 കോടിയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

9
മലയാളത്തില്‍ ആദ്യമായി നിര്‍മ്മിച്ച സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 9. പൃഥ്വിരാജ് നായകനായെത്തിയ ചിത്രം ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം ഇതിവൃത്തമാക്കിയാണ് ഒരുക്കിയത്. 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം ജെനൂസ് മുഹമ്മദ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ പൃഥ്വിരാജിന്റെ പുതിയ നിര്‍മാണ കമ്പനി സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നിട്ടാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും 2.35 കോടിയോളമാണ് സിനിമ നേടിയിരിക്കുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഫെബ്രുവരി 21 തിയറ്ററുകളിലേക്ക് എത്തിയ ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിച്ച ചിത്രം പക്കാ മാസ് എന്റര്‍ടെയിനറാണ്. യുഎഇ, ജിസിസി സെന്ററുകളില്‍ നിന്നും കേവലം നാല് ദിവസം കൊണ്ട് 2.05 കോടിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ സകല റെക്കോര്‍ഡുകളും ചിത്രം മറികടക്കുമെന്നാണ് സൂചന.


Click it and Unblock the Notifications











