സിബിയും ഉദയനും രണ്ടു വഴിക്ക്
കൂട്ടുകെട്ടില്‍ ചരിത്രം സൃഷ്ടിച്ചവരാണ് സിബി കെ. തോമസ്- ഉദയ്കൃഷ്ണ. കോമഡി ചിത്രങ്ങളുടെയും ആക്ഷന്‍ ചിത്രങ്ങളുടെയും മര്‍മ്മറിഞ്ഞ് സിനിമ ചെയ്ത ഇവര്‍ക്കു പരാജയം കുറച്ചുമാത്രമേ രുചിക്കേണ്ടി വന്നുള്ളൂ. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ നായകര്‍ ആരായാലും ഇവരുടെ തിരക്കഥയാണെങ്കില്‍ ആളുകള്‍ ഇഷ്ടപ്പെടും. അത്തരത്തില്‍ കാലങ്ങളായി കൂട്ടുകെട്ട് തുടരുന്ന സിബിയും ഉദയനും വേര്‍പിരിയാന്‍ പോകുകയാണ്. കേള്‍ക്കുന്നവര്‍ക്കെല്ലാം ഞെട്ടലുണ്ടാകുമെങ്കിലും സത്യം അതാണ്. സിദ്ദീഖ് ലാല്‍, അനില്‍-ബാബു, റാഫി മെക്കാര്‍ട്ടിന്‍, സച്ചി-സേതു എന്നിവരുടെ വേര്‍പിരിയലിനുശേഷം വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ പോകുന്നത് സിബി- ഉദയന്‍ കൂട്ടുകെട്ടിന്റെ വേര്‍പിരിയലായിരിക്കും.
മോഹന്‍ലാലിനു വേണ്ടി എഴുതുന്ന പുലിമുരുകന്‍ ആണ് ഇവരുടെ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന അവസാനത്തെ ചിത്രം. വൈശാഖ് ആണ് സംവിധാനം. ഇതിന്റെ തിരക്കഥാരചനയിലാണ് രണ്ടുപേരും.

സിബി സംവിധാനത്തിലും ഉദയന്‍ എഴുത്തിലും മാത്രമായിരിക്കും വേര്‍പിരിഞ്ഞ ശേഷം ശ്രദ്ധ ചെലുത്തുക. സ്വന്തം സിനിമയ്ക്ക് സിബി തന്നെ തിരക്കഥ എഴുതും. ഉദയന്‍ മറ്റുള്ളവര്‍ക്കു വേണ്ടിയും.
ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് രണ്ടുപേരും ആദ്യമായി ഒന്നിക്കുന്നത്. സന്ധ്യ മോഹന്‍ ആയിരുന്നു സംവിധാനം. പിന്നീട് മാട്ടുപെട്ടി മച്ചാന്‍ എന്ന ജോസ് തോമസ് ചിത്രം പിറന്നു. ഉദയപുരം കൊട്ടാരത്തിന്റെ ഗംഭീര വിജയത്തോടെ ഇവര്‍ ദിലീപിന്റെ സ്വന്തം തിരക്കഥാകൃത്തുക്കളായി. സിഐഡി മൂസ, റണ്‍വേ, കൊച്ചിരാജാവ്, ലയണ്‍, ജൂലൈ നാല് തുടങ്ങി മായാമോഹിനി വരെ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നു. തുറുപ്പുഗുലാന്‍, പോക്കിരിരാജ എന്നിവയാണ് മമ്മൂട്ടി ഹിറ്റുകള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായ ട്വന്റി 20 യുടെ തിരക്കഥ രചിച്ചതും ഇവര്‍ തന്നെ. അടുത്തിടെയായി ഇവരുടെ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് വേര്‍പിരിയാന്‍ തീരുമാനമെടുത്തത്. ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദരാമന്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.


Click it and Unblock the Notifications











