മധുരരാജയ്ക്ക് പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ വരവ്! ഉണ്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി
2019ല്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മമ്മൂക്ക മലയാളത്തില്‍ മുന്നേറുന്നത്. പേരന്‍പ്,യാത്ര തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂക്കയുടെ മാസ് എന്റര്‍ടെയ്‌നറായ മധുരരാജ വിഷുവിനാണ് തിയ്യേറ്ററുകളില്‍ എത്തുന്നത്. വമ്പന്‍ റിലീസായി എത്തുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്.
അതേസമയം മധുരരാജയ്ക്ക് പിന്നാലെയാണ് മമ്മൂക്കയുടെ പുതിയ ചിത്രമായ ഉണ്ട തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂക്കയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഉണ്ടയെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഉണ്ട
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. അഞ്ച് മാസം മുന്‍പ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം പ്രഖ്യാപന വേളമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അനുരാഗ കരിക്കിന്‍ വെളളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഖാലിദ് റഹ്മാന്‍ പുതിയ സിനിമയൊരുക്കുന്നത്. സിനിമ ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം
ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ആസിഫ് അലിയും അതിഥി വേഷത്തില്‍ എത്തുമെന്ന് അറിയുന്നു. വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളി താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ട്.

ഷൂട്ടിംഗ് പൂര്‍ത്തിയായി
അതേസമയം ഉണ്ടയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള റിപ്പോര്‍ട്ടുകളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മെഗാസ്റ്റാര്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഛത്തീസ് ഗഡിലായിരുന്നു പൂര്‍ത്തിയായത്. കോമഡി ആക്ഷന്‍ ത്രില്ലറായിട്ടാണ് ഉണ്ട ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂവീസ് മില്‍, ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട നിര്‍മ്മിക്കുന്നത്.

മാസ് എന്റര്‍ടെയ്‌നര്‍
മുന്‍പ് പോലീസ് ഓഫീസറായുളള മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. പുതിയ ചിത്രം ഉണ്ടയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമായി തന്നെ എത്തുമെന്നാണ് അറിയുന്നത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications