അബ്രഹാമിനു പിന്നാലെ സബ് ഇന്‍സ്‌പെക്ടര്‍ മണിയായി മമ്മൂക്ക! ഉണ്ടയുടെ ചിത്രീകരണം ആരംഭിച്ചു!!
കുട്ടനാടന്‍ ബ്ലോഗിനു ശേഷം ആവേശത്തോടെയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. ചരിത്ര പശ്ചാത്തതലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലും മമ്മൂക്ക തന്നെയാണ് നായകനാവുന്നത്.
ഉണ്ട എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും ഉണ്ടയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷമുളള മമ്മൂക്കയുടെ അടുത്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ഉണ്ട മാറുമെന്നാണ് എല്ലാവരും കരുതുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ഉണ്ട തുടങ്ങി
മമ്മൂക്കയുടെ പുതിയ ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ആക്ഷന്‍ കോമഡിയായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഛത്തീസ് ഗഡിലാണ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും വടക്കെ ഇന്ത്യയിലായിരിക്കും ഷൂട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചത്തീസ് ഗഢിനു പുറമെ ജാര്‍ഖണ്ഡും സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്നായിരിക്കും.ചത്തീസ്ഗഡില്‍ ഒരു തെരഞ്ഞെടുപ്പു കാലത്ത് മാവോയിസ്റ്റുകളെ നേരിടാനായി കണ്ണൂരില്‍ നിന്നു പോകുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂക്ക എത്തുന്നതെന്നാണ് അറിയുന്നത്.

സബ് ഇന്‍സ്‌പെക്ടര്‍ മണി
ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. 12 കോടിയോളം മുതല്‍ മുടക്കിലാണ് അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നായിരിക്കും ഉണ്ടയിലേതെന്നാണ് അറിയുന്നത്.

ടൈറ്റില്‍ പോസ്റ്റര്‍
ഉണ്ടയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. മികച്ചൊരു ആക്ഷന്‍ ചിത്രം തന്നെയായിരിക്കും ഉണ്ടയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

വമ്പന്‍ താരനിര
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ടയില്‍ മമ്മൂക്കയ്‌ക്കൊപ്പം ഷൈന്‍ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍,അര്‍ജുന്‍ അശോകന്‍, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി,ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്

പ്രശാന്ത് പിളളയുടെ പാട്ടുകള്‍
ആമിറിന്റെ ദംഗലിന് സംഘടനമൊരുക്കിയ ശ്യാം കൗശലാണ് മമ്മൂക്ക ചിത്രത്തിന് സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. ബോളിവുഡിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയനായ ഗാവ്മിക് യു അറെ ആണ് ഉണ്ടയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിളള ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. ഹര്‍ഷാദ് തിരക്കഥ എഴുതിയ ചിത്രത്തിന് നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. കാസര്‍കോഡ്, മാംഗളൂര്‍ തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.


Click it and Unblock the Notifications











