നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം!ലാഭിക്കുന്ന പണം ദുരിതാശ്വാസനിധിയിലേക്കെന്നും ഉണ്ണി മേനോന്‍
സ്വതസിദ്ധമായ ശബ്ദവുമായി മുന്നേറുന്ന ഗായകനാണ് ഉണ്ണി മേനോന്‍. ആസ്വാദകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങളാണ് ഈ ഗായകന്‍ നമുക്ക് സമ്മാനിച്ചിട്ടുള്ളത്. എത്ര കേട്ടാലും മതിവരാത്ത തരത്തിലുള്ള എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. മകന്‍ അങ്കുര്‍ ഉണ്ണിയുടെ വിവാഹം ലളിതമാക്കി നടത്തുകയാണെന്നും അതിലൂടെ ലാഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
തൃശ്ശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ഓഗസ്റ്റ് 26ന് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. അതേ മുഹൂര്‍ത്തത്തില്‍ വിവാഹം നടത്തുമെങ്കിലും ചെന്നൈ മഹാലിംഗപുരം ക്ഷേത്രത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ലുലു അധികൃതര്‍ മണ്ഡപം ശരിയാക്കിത്തരാമെന്നും വിവാഹ വേദി മാറ്റേണ്ടതില്ലെന്നും പറഞ്ഞിരുന്നുവെങ്കിലും വേണ്ടെന്ന് തങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ചുറ്റുമുള്ളവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ വിവാഹം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ലല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.

മുഹൂര്‍ത്തം മാറ്റാന്‍ പറ്റാത്തതിനാലാണ് അന്നേ ദിവസം തന്നെ വിവാഹം നടത്തുന്നത്. കണ്ണൂര്‍ സ്വദേശിയായ കാവ്യയെയാണ് അങ്കുര്‍ ജീവിതസഖിയാക്കുന്നത്. 2500 ഓളം ആള്‍ക്കാരെ പങ്കെടുപ്പിക്കാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയത്. മഴക്കെടുതി കാരണം ഇത് 200 ലേക്ക് ചുരുക്കിയിട്ടുണ്ട്. ഇതില്‍ നിന്നും ലാഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും ഗായകന്‍ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











