മിസ്റ്റര്‍ ഫ്രോഡില്‍ ഉണ്ണി മുകുന്ദന്‍
2014ല്‍ മോഹന്‍ലാലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളില്‍ ഒന്നാണ് ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ്. സിദ്ദിഖ്, സായ് കുമാര്‍, വിജയ കുമാര്‍, വിജയ് ബാബൂ, ശ്രീ രാമന്‍, ദേവന്‍ തുടങ്ങിയവരെല്ലാം പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ യുവതാരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാനും മിസ്റ്റര്‍ ഫ്രോഡില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യമായിട്ടാണ് ഉണ്ണി മുകുന്ദന്‍ സൂപ്പര്‍താരചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. 2014ല്‍ ഉണ്ണിയുടെ മൂന്ന് ചിത്രങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തേ പൂര്‍ത്തിയാവുകയും നിയമപ്രശ്‌നങ്ങളില്‍ അകപ്പെടുകയും ചെയ്ത സാമ്രാജ്യം 2, വിനില്‍ സംവിധാനംചെയ്യുന്ന ലാസ്റ്റ് സപ്പര്‍, ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്നിവയാണ് ചിത്രങ്ങള്‍.

നേരത്തേ ഉണ്ണി മുകുന്ദനും സംവിധായകന്‍ മേജര്‍ രവിയും തമ്മില്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍വച്ച് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് യുവാതാരമായ ഉണ്ണിയ്ക്ക് വിലക്കുവന്നേയ്ക്കുമെന്നും മേജറുമായുള്ള ബന്ധം വച്ച് മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നും ഇനി ഉണ്ണി മുകുന്ദന് അഭിനയിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
മിസ്റ്റര്‍ ഫ്രോഡില്‍ ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നതോടെ ഇത്തരത്തില്‍ വന്നിരുന്ന ഗോസിപ്പുകളുടെയെല്ലാം മുനയൊടിയും. ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡില്‍ മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് ചെയ്യുന്നതെന്നാണ് സൂചന. ഇതിന് മുമ്പ് ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിച്ച മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.


Click it and Unblock the Notifications