ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ, പക്ഷെ ഹിറ്റുകളെടുത്താൽ...; മുന്നിൽ ടൊവിനോയോ ഉണ്ണി മുകുന്ദനോ
സോഷ്യൽ മീഡിയ മുഴുവനും നടൻ ഉണ്ണി മുകുന്ദനാണിപ്പോൾ ചർച്ചാ വിഷയം. നടൻ മർദ്ദിച്ചെന്ന് ആരോപിച്ച് മാനേജർ വിപിൻ കുമാർ പരാതി നൽകിയോടെ ആരാധകരും അമ്പരപ്പിലാണ്. ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. മോളിവുഡിലെ യുവനിരയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടുന്ന രണ്ട് നടൻമാരാണ് മുകുന്ദനും ടൊവിനോയും. സ്ക്രീൻ പ്രസൻസ്, മാസ് റോളുകളിലെ മികവ്, ഫിറ്റ്നെസിനോടുള്ള താൽപര്യം, സിനിമാ പശ്ചാത്തലമില്ലാതെ കരിയറിൽ വളർന്നവർ തുടങ്ങി ഒരുപിടി സാമ്യതകൾ ഇവർ തമ്മിലുണ്ട്.
എന്നാൽ കരിയർ ഗ്രാഫെടുത്താൽ ഉണ്ണി മുകുന്ദനും ബഹുദൂരം മുന്നിലാണ് ടൊവിനോ തോമസ്. രണ്ട് പേരും രണ്ട് തരത്തിലാണ് കരിയറിൽ വളർന്നത്. ഉണ്ണിക്ക് എന്നും പ്രിയം തനിക്ക് പ്രാധാന്യമുള്ള സിനിമകൾ ചെയ്യാനാണ്. കൊമേഴ്ഷ്യൽ സിനിമകൾക്കാണ് നടൻ എന്നും പ്രാധാന്യം നൽകിയത്. എന്നാൽ ടൊവിനോ അങ്ങനെയല്ല. തന്റെ കഥാപാത്രത്തിനേക്കാൾ സിനിമ മൊത്തത്തിൽ എങ്ങനെ പ്രേക്ഷകരിലേക്കെത്തുന്നു എന്നതിനാണ് സൂപ്പർതാര പദവിയുള്ളപ്പോഴും ടൊവിനോ ശ്രദ്ധിക്കുന്നത്. ഡിയർ ഫ്രണ്ട്, കള തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

തമിഴ് സിനിമയിൽ തുടക്കം കുറിച്ച് മലയാളത്തിലേക്ക് കടന്ന് വന്ന ഉണ്ണി മുകുന്ദൻ തുടക്ക കാലത്ത് നായകനായും സഹനായകനായും എത്തി. 2012 ൽ പുറത്തിറങ്ങിയ മല്ലു സിംഗ് ആണ് കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്. പൃഥ്വിരാജിന് ശേഷം വരുന്ന മികച്ച സ്ക്രീൻ പ്രസൻസുള്ള യുവനടനായി ഉണ്ണി മുകുന്ദൻ വിലയിരുത്തപ്പെട്ടു. മറ്റൊരു യൂത്ത് ഐക്കണിനെ കിട്ടിയെന്ന് അന്ന് സിനിമാ ലോകം പറഞ്ഞു. എന്നാൽ പിന്നീടിങ്ങോട്ട് മല്ലു സിംഗ് പോലൊരു ഹിറ്റ് ലഭിക്കാൻ ഉണ്ണി മുകുന്ദന് ഏറെ കാത്തിരിക്കേണ്ടി വന്നു.
ഏഴാം സൂര്യൻ, ഐ ലവ് മി എന്നീ സിനിമകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു മുറെെ വന്ത് പാരായ, സ്റ്റെെൽ തുടങ്ങിയ സിനിമകൾ ഭേദപ്പെട്ട വിജയം നേടി. മലയാളത്തിൽ വലിയ ഹിറ്റില്ലാതിരുന്ന സമയത്ത് തെലുങ്ക് സിനിമകളിൽ നടൻ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ബാഗ്മതി ഉൾപ്പെടെയുള്ള സിനിമകൾ ഉദാഹരണം. ഇതിനിടയിൽ വലിയ ശ്രദ്ധ നേടാതെ പോലെ പല മലയാള സിനിമകളിലും ഉണ്ണി അഭിനയിച്ചു.

2022 ൽ മേപ്പടിയാൻ എന്ന സിനിമയോടെയാണ് ഉണ്ണി മുകുന്ദൻ താരമായി വളർന്ന് വരുന്നത്. അതേവർഷം റിലീസ് ചെയ്ത മാളികപ്പുറം സൂപ്പർഹിറ്റായി. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി ഉണ്ണി മുകുന്ദൻ മാറി. ജയ് ഗണേശ്, മാർക്കോ എന്നിവയാണ് പിന്നീട് പുറത്തിറങ്ങിയ സിനിമകൾ. മാർക്കോ വൻ ഹിറ്റായി. സൂപ്പർതാരമായി ഉണ്ണിയെ ആരാധകർ വാഴ്ത്തി.
ഉണ്ണി മുകുന്ദനെ പോലെ കരിയറിൽ ഏറെ പണിപ്പെട്ടാണ് ടൊവിനോയും സിനിമാ ലോകത്ത് സ്ഥാനം നേടുന്നത്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ടൊവിനോ തുടക്കം കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ മല്ലു സിംഗിന്റെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു ടൊവിനോയുടെ കടന്ന് വരവ്. ഉണ്ണിയെ പോലെ തുടക്ക കാലത്ത് സഹനായകനായി നിരവധി സിനിമകൾ ചെയ്തു.
എന്ന് നിന്റെ മൊയ്തീനിലെ സഹ നായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് നിരവധി സിനിമകൾ ടൊവിനോയെ തേടി വന്നു. 2016 ലെ ഗപ്പി എന്ന സിനിമ തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും നിരൂപക പ്രശംസ നേടി. പിന്നീടങ്ങോട്ട് ഒട്ടനവധി അവസരങ്ങൾ ടൊവിനോയ്ക്ക് വന്നു. മായാനദി, ഗോധ, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ സിനിമകൾ ടൊവിനോയെ യൂത്ത് ഐക്കണാക്കി മാറ്റി. തീവണ്ടി, എന്റെ ഉമ്മാന്റെ പേര്, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ സിനിമകൾ ടൊവിനോയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. ഇതിനിടയിലും ഡിയർ ഫ്രണ്ട്, കള പോലുള്ള ഇമേജിനെ മാറ്റി മറിക്കുന്ന സിനിമകൾ ചെയ്തു.
തല്ലുമാല, 2018 തുടങ്ങിയ സിനിമകൾ സൂപ്പർഹിറ്റായി. അതേസമയം നാരദൻ, നീലവെളിച്ചം, നടികർ, ഐഡന്റിറ്റി തുടങ്ങിയ നിരവധി ഫ്ലോപ്പുകളും ടൊവിനോയ്ക്കുണ്ട്. എന്നാൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ഇതിനോടകം ടൊവിനോ മോളിവുഡിൽ നേടിയെടുത്തിട്ടുണ്ട്. പുതിയ ചിത്രം നരിവേട്ടയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഹിറ്റുകൾ കരിയറിൽ കൂടുതലും ടൊവിനോയ്ക്കാണ്. ഉണ്ണി മുകുന്ദന് മാർക്കോ, മാളികപ്പുറം എന്നിവയാണ് വൻ ഹിറ്റായ സിനിമകളായി പറയാനുള്ളത്.


Click it and Unblock the Notifications











