ഉണ്ണിക്ക് 'എന്തൊരു ഭാഗ്യം': നായിക നിക്കി ഗില്‍റാനി
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983-ലൂടെയാണ് നിക്കില്‍ ഗില്‍റാനി മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായത്. മഞ്ജുള ശശിധരന്‍ എന്ന കഥാപാത്രമായി 1983 ല്‍ എത്തിയ നിക്കി തൊട്ടടുത്ത നിവിന്‍പോളി ചിത്രമായ ഓം ശാന്തി ഓശാനയിലും വേഷമിട്ടു. ഇപ്പോഴിതാ വീണ്ടും. ഉണ്ണി മുകുന്ദന്റെ നായികയായാണ് നിക്കിയുടെ അടുത്ത വരവ്.
സലാല മൊബാല്‍സിന് ശേഷം ശരത്ത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന 'എന്തൊരു ഭാഗ്യം' എന്ന ചിത്രത്തിലാണ് ഉണ്ണിയും നിക്കിയും ജോഡിചേരുന്നത്. ഒരു പ്രണയകഥയാണ് സിനിമയെങ്കില്‍ക്കൂടെ അതില്‍ ഒതുങ്ങിനില്‍ക്കുന്നല്ല ചിത്രത്തിന്റെ പ്രമേയം. നിക്കിയും ഉണ്ണിയും തീര്‍ത്തു വ്യത്യസ്തമായ വേഷത്തിലാകും ഉണ്ടാകുക എന്നും സംവിധായകന്‍ പറഞ്ഞു.

ഒരു റൊമാന്റിക് ഹീറോ ആയിട്ടാണ് ഉണ്ണിയെത്തുന്നത്. നിക്കിയും ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അഭിനയിക്കുന്ന മറ്റ് താരങ്ങളെ കുറിച്ച് അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ല. കൊച്ചിയിലും ബാംഗ്ലൂരുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് ആഗസ്ത് അവസാനമാകുമ്പോഴേക്കും തുടങ്ങും.
സലാല മൊബൈല്‍സിലൂടെ സംവിധായകനാകുന്നതിന് മുമ്പേ ശരത് പ്രശസ്ത തമിഴ് സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച ആനന്ദപുരത്ത് വീട് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുണ്ട്. വാട്ടര്‍ കളര്‍ പിക്ചര്‍ എന്നൊരു പരസ്യചിത്രക്കമ്പനിയും ശരത് നടത്തിവരുന്നുണ്ട്.
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനാണ് ഉണ്ണിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന അടുത്ത ചിത്രം. ദുല്‍ഖര്‍ സല്‍മാനും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. അതിനിടയില്‍ നിക്കി, ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന, ഛായഗ്രഹകനായ ബിജു ജേക്കബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











