ഇന്ദ്രന്‍സിന്റെ ഭാര്യയായി ഉര്‍വശി
മലയാളത്തിലെ പതിവ് നായികാസങ്കല്‍പ്പങ്ങളെല്ലാം തെറ്റിച്ച നടിയാണ് ഉര്‍വ്വശി. തമാശക്കാരിയും കുറുമ്പിയുമായ നായികയായും നെഗറ്റീവ് ടച്ചുള്ള നായികയായുമെല്ലാം ഉര്‍വശി തിളങ്ങിയത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴും പല ചിത്രങ്ങളിലും ഉര്‍വശിയിലെ ബഹുമുഖ പ്രതിഭയെ തിളക്കത്തോടെ തന്നെ കാണാന്‍ കഴിയാറുണ്ട്. നായികയായി ആടിപ്പാടി നടക്കുന്ന കാലം കഴിഞ്ഞതോടെ അമ്മയായും സഹോദരിയായും സഹനടിയായുമെല്ലാം ഉര്‍വശി തിളങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്.
ഇപ്പോഴിതാ ഉര്‍വശി നടന്‍ ഇന്ദ്രന്‍സിന്റെ നായികയായി ഒരു ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. സജീവ് പാഴൂര്‍ സംവിധാനം ചെയ്യുന്ന പൊന്‍മുട്ട എന്ന ചിത്രത്തിലാണ് ഉര്‍വശിയും ഇന്ദ്രന്‍സും ജോഡിചേരുന്നത്. സോഷ്യല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രം കൃഷി ഉപജീവനമാക്കിയ ഒരു കുടുംബത്തിന്റെ കഥയാണ് പറയുക. ചിത്രത്തില്‍ നായകനായി എത്തുന്നത് ഇന്ദ്രന്‍സാണ്. ഇന്ദ്രന്‍സിന്റെ ഭാര്യാവേഷത്തിലാണ് ഉര്‍വശിയെത്തുക.

പതിവായി കോമഡി വേഷങ്ങള്‍ ചെയ്തിരുന്ന ഇന്ദ്രന്‍സ് ഇപ്പോള്‍ സീരിയസായ വേഷങ്ങള്‍ ചെയ്ത് കഴിവുതെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പുറത്തുവരാനുള്ളൊരു ഇന്ദ്രന്‍സ് ചിത്രമാണ് ബുദ്ധന്‍ ചിരിക്കുന്നു. ആര്‍ ശരത് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ് നാടകക്കമ്പക്കാരനായ ഒരു തയ്യല്‍ക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.
ഉര്‍വശിയ്ക്കും ഇപ്പോള്‍ കയ്യില്‍ മികച്ച ചില പ്രൊജക്ടുകളുണ്ട്. തമിഴകത്ത് കമല്‍ ഹസ്സന്‍ നായകനാകുന്ന ഉത്തമവില്ലനാണ് ഇതിലൊന്ന്. കൂടാതെ ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ റീമേക്കിലും ഉര്‍വശി മികച്ച കഥാപത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തില്‍ സഹോദരി കല്‍പന ചെയ്ത റോളാണ് റീമേക് ചിത്രത്തില്‍ ഉര്‍വശി ചെയ്യുന്നത്. മലയാളത്തില്‍ താക്കോല്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിലും ഉര്‍വശി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications