ഗായികയ്ക്കുള്ള ദേശീയ പുരക്‌സാരം; ഉണ്ണികൃഷ്ണന്റെ 10 വയസുകാരിയായ മകള്‍ക്ക്
ചെന്നൈ: ആദ്യ തമിഴ് സിനിമാ ഗാനത്തിനുതന്നെ ദേശീയ അവാര്‍ഡ് വാങ്ങിക്കുകയെന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബഹുമതിക്ക് അര്‍ഹരായിരിക്കുകയാണ് മലയാളിയായ ഗായകന്‍ ഉണ്ണികൃഷ്ണനും മകള്‍ ഉത്തരാ ഉണ്ണികൃഷ്ണനും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ണികൃഷ്ണന്‍ തന്റെ ആദ്യ ഗാനത്തിന് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ കേവലം പത്തുവയസുമാത്രമുള്ള മകള്‍ ഉത്തര 2014ലെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും വീട്ടിലെത്തിച്ചിരിക്കുകയാണ്.
എ.എല്‍. വിജയ് സംവിധാനം ചെയ്ത ശൈവം എന്ന ചിത്രത്തിലെ അഴക് എന്ന ഗാനത്തിനാണ് ഉത്തരയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ സിനിമാ അവാര്‍ഡ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന ബഹുമതിയും ഇനി ഉത്തരയ്ക്ക് സ്വന്തമാണ്. \

ജി.വി. പ്രകാശ് സംഗീത സംവിധാനം ചെയ്ത ശൈവത്തിലെ ഗാനത്തില്‍ അഭിനയിച്ചത് ബേബി സാറയെന്ന പെണ്‍കുട്ടിയാണ്. മകള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രായക്കുറവ് പ്രശ്‌നമായേക്കുമെന്ന ഭയം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ അവാര്‍ഡ് പ്രഖ്യാപനം മലയാള സിനിമയ്ക്ക് നിരാശയുടേതായി. അഞ്ച് അവാര്‍ഡുകള്‍ മാത്രമാണ് മലയാളത്തിന് ലഭിച്ചത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഒറ്റാലിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ആന്റണ്‍ ചെക്കോവിന്റെ യാങ്ക എന്ന കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമാണ് ഒറ്റാല്‍.


Click it and Unblock the Notifications











