ഒടിയന്റെ മഹാവിജയം! കാവടി എടുത്ത് മുരുകന് നന്ദി പറഞ്ഞ് ശ്രീകുമാര്‍ മേനോന്‍
പുലിമുരുകന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായി പുറത്തിറങ്ങിയ സിനിമയായിരുന്നു ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ വമ്പന്‍ റിലീസായിട്ടാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ ചിത്രം പുറത്തിറങ്ങിയിരുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമ തിയ്യേറ്ററുകളില്‍ നേടിയതെങ്കിലും നൂറ് കോടി ക്ലബില്‍ കടന്നത് പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ പ്രകടനം തന്നെയായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളില്‍ എത്തിയ ലാലേട്ടന്‍ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി.

അടുത്തിടെ നടന്ന ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയില്‍ ഒടിയന്റെ വിജയാഘോഷവും നടന്നിരുന്നു. മോഹന്‍ലാലിന്റെ മറ്റു സിനിമകളായ ലൂസിഫര്‍,ഇട്ടിമാണി തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് ഒടിയന്റെ വിജയവും ആഘോഷിച്ചത്. ചടങ്ങില്‍ ഒടിയനെക്കുറിച്ച് ലാലേട്ടന്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ എടുത്തുപറയാവുന്ന ചിത്രമായിരുന്നു ഒടിയനെന്ന് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു.

ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെ ചൊല്ലി ഉണ്ടായെങ്കിലും അതിനെയൊക്കെ മാറ്റിവെച്ചുകൊണ്ട് മലയാളികള്‍ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഒടിയനില്‍ അഭിനയിച്ചതിലൂടെ തന്റെ ജീവിതത്തിന്റെ വീക്ഷണം മാറിയെന്നും അഭിനേതാവ് എന്ന നിലയിലും ഒടിയന്‍ തന്നെ സ്വാധീനിച്ചെന്നും അതിന് സംവിധായകന്‍ ശ്രീകുമാറിനോട് നന്ദിയുണ്ടെന്നും ചടങ്ങില്‍ വെച്ച് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു.

ചടങ്ങിന് പിന്നാലെ വിഎ ശ്രീകുമാര്‍ മേനോന്റെതായി വന്ന ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ഒടിയന്റെ വിജയത്തിന് മുരുകന് നന്ദി പറഞ്ഞുകൊണ്ട് കാവടിയെടുക്കുന്ന ചിത്രമായിരുന്നു സംവിധായകന്‍ പങ്കുവെച്ചത്. മോഹന്‍ലാലിന് ടാഗ് ചെയ്തുകൊണ്ടാണ് വിഎ ശ്രീകുമാര്‍ മേനോന്റെ പുതിയ ട്വീറ്റ് വന്നിരിക്കുന്നത്. അടുത്തിടെ നടന്ന വിജയാഘോഷ ചടങ്ങില്‍ അനിശ്ചിതത്വത്തിലായ രണ്ടാമൂഴം ഉറപ്പായും സംഭവിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ തന്നെ നായകനാവുമെന്നും ദൈവവും മോഹന്‍ലാലും കൂടെയുളളത് കൊണ്ട് ആ ചിത്രം ഉറപ്പായും സംഭവിക്കുമെന്നും സംവിധായകന്‍ തുറന്നുപറഞ്ഞു. "ഒപ്പമുണ്ടാകേണ്ടത് കടമയായിട്ടുള്ളവര്‍ ഒറ്റയ്ക്കാക്കിയപ്പോള്‍ ദൈവവും ലാലേട്ടനും കൂട്ടു നിന്നു. അതുകൊണ്ട് ഒടിയനുണ്ടായി. അതുകൊണ്ടുതന്നെ രണ്ടാമൂഴവും ഉണ്ടാകും. എല്ലാവരോടും നന്ദിയുണ്ട്. ഇതാ തൊട്ടരികില്‍ ലാലേട്ടനിങ്ങനെ നില്‍ക്കുന്ന പോലെ ദൈവമുണ്ട്.
Recommended Video

ദൈവത്തെ ഒടിവെച്ച ചിലരുമുണ്ട്; ഞാനവരെ പ്രത്യേകമായി ഓര്‍ത്തുകൊണ്ടേയിരിക്കുന്നു. ഒടിയന്‍ മഹാവിജയം. വിഎ ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു മോഹന്‍ലാലിന്റെ ഒടിയന്‍ നിര്‍മ്മിച്ചിരുന്നത്. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ ജീവിതമാണ് കാണിച്ചത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍,പ്രകാശ് രാജ്, സന അല്‍ത്താഫ്, നരേന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കൂടിയായിരുന്നു ഒടിയന്‍.


Click it and Unblock the Notifications











