അന്നങ്ങനെ ചെയ്തതില്‍ ഖേദിക്കുന്നു! ഇനി മേനോനില്ല! പേരിനൊപ്പമുള്ള ജാതിവാല്‍ കളഞ്ഞ് വിഎ ശ്രീകുമാര്‍!
പരസ്യങ്ങളില്‍ തുടങ്ങി സംവിധാനത്തിലേക്ക് തിരഞ്ഞയാളാണ് വിഎ ശ്രീകുമാര്‍ മേനോന്‍. തന്റെ പേരിലെ മേനോന്‍ എന്ന ജാതിവാല്‍ കളയുകയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കഴിഞ്ഞ ദിവസം എത്തിയത്. ഇനി വിഎ ശ്രീകുമാര്‍ എന്നറിയപ്പെട്ടാല്‍ മതിയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. സിനിമയിലെത്തിയപ്പോഴാണ് പേരിനൊപ്പം മേനോന്‍ ചേര്‍ത്തതെന്നും അന്നങ്ങനെ ചെയ്തതില്‍ കുറ്റബോധം തോന്നിയിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിയനും തമ്മിലുള്ള പ്രശ്‌നവും അതിന് ശേഷം അരങ്ങേറിയ സംഭവങ്ങളുമാണ് തന്നെ ഇരുത്തി ചിന്തിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ജാതിയെക്കുറിച്ചോ മതത്തെക്കുറിച്ചോ ചിന്തിക്കുന്നയാളല്ല താനെന്ന് പറയുമ്പോഴും പലരുടേയും പേരില്‍ അലങ്കാരമായി ജാതിവാല്‍ ഉണ്ടാവാറുണ്ട്. സവര്‍ണ്ണ മേധാവിത്വം വ്യക്തമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ചിലരില്‍ നിന്നുമുണ്ടാവാറുള്ളത്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കല്‍ കോളേജില്‍ അരങ്ങേറിയത്. ബിനീഷ് ബാസ്റ്റിയനൊപ്പം വേദി പങ്കിടാനാവില്ലെന്ന് പറഞ്ഞ അനില്‍ രാധാകൃഷ്ണന്‍ മേനോന് രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ എത്തിയിരുന്നു. ബിനീഷിന്റെ പ്രസംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചിരുന്നത്. താരങ്ങളും സംവിധായകരുമൊക്കെ ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് നിര്‍ണ്ണായക തീരുമാനവുമായി വിഎ ശ്രീകുമാര്‍ എത്തിയത്.

കുട്ടിക്കാലം മുതല്‍ ജാതി ചിന്തകൾക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.

അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. മേനോനെ എന്ന വിളിയുമായാണ് പലപ്പോഴും വിമര്‍ശകര്‍ അദ്ദേഹത്തിനെതിര തിരിയാറുള്ളത്.

എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാർ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു.

ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- 'മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. 'വി.എ ശ്രീകുമാര്‍' എന്ന് അറിയപ്പെട്ടാല്‍ മതി''


Click it and Unblock the Notifications











