യഥാർത്ഥ പ്രണയം ഞാൻ അനുഭവിച്ചിട്ടുണ്ട്, ഇന്നത്തെ കാലത്ത് ഏറെയും സ്വാർത്ഥത കൂടുതലുള്ള പ്രണയങ്ങൾ; സാജൻ സൂര്യ
മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടുകാരെന്ന പോലെയാണ് സീരിയല്‍ നായകന്മാരും നായികമാരുമൊക്കെ. സീരിയിലിനോട് പ്രേക്ഷകര്‍ക്ക് അത്രമാത്രം അടുപ്പവുമുണ്ട്. മലയാളത്തിൽ ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള വിവിധ ഹിറ്റ് സീരിയലുകളിലെ നായക വേഷങ്ങളിലൂടെ പ്രിയങ്കരനായി മാറിയ സിനിമ-സീരിയൽ താരമാണ് സാജൻ സൂര്യ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മമ്മൂട്ടിയാണ് താരം. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ നായക നിരയില്‍ ജീവിയ്ക്കുന്ന സാജന്‍ ഗീതാഗോവിന്ദം എന്ന സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പ്രണയനായക വേഷങ്ങൾ നാൽപ്പത് പിന്നിട്ടിട്ടും മനോഹരമായി കൈകാര്യം ചെയ്യുന്ന താരം പ്രണയത്തോടുള്ള തന്റെ കാഴ്ചപ്പാട് ഫിൽമിബീറ്റ് മലയാളത്തോട് പങ്കുവെച്ചു...

സ്നേഹം ആഘോഷിക്കാനുള്ള ദിവസം
വാലന്റൈൻസ് ഡെ വിപുലമായി ആളുകൾ ആഘോഷിച്ച് തുടങ്ങി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷമായി മാറി. ഞാൻ പഠിക്കുന്ന കാലത്ത് ഫെബ്രുവരി 14ന് മാത്രമാണ് ആഘോഷം ഉണ്ടായിരുന്നത്. റോസ് ഡെ, പ്രൊപ്പോസ് ഡെ, ചോക്ലേറ്റ് ഡെ, ടെഡി ഡെ, പ്രോമിസ് ഡെ, ഹഗ് ഡെ, കിസ് ഡെ എന്നൊക്കെ പറഞ്ഞ് ഇപ്പോൾ കുറേ ആഘോഷങ്ങളുണ്ട്. അതുപോലെ തന്നെ ഞാൻ ചെയ്യുന്ന സീരിയലിൽ എല്ലാത്തരത്തിലുള്ള പ്രണയങ്ങളുമുണ്ട്. അതിൽ നിന്നും കട്ട് ചെയ്ത വീഡിയോകൾ ഈ ഏഴ് ദിവസവും ചാനൽ തന്നെ പുറത്ത് വിട്ടിരുന്നു. വാലന്റൈൻസ് ഡെ എന്നൊരു ദിവസം ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ പ്രണയത്തിന് വേണ്ടിയുള്ള ദിവസമല്ലേ അല്ലാതെ മറ്റൊന്നുമല്ലല്ലോ. അതുകൊണ്ട് സ്നേഹത്തിന് വേണ്ടി ഒരു ദിവസം മാറ്റിവെച്ച് ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്.
യഥാർത്ഥ പ്രണയത്തിന്റെ സുഖവും ദുഖവും അനുഭവിച്ചിട്ടുണ്ട്
ടോക്സിക്ക് റിലേഷൻഷിപ്പ് അനുഭവങ്ങൾ എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് പറയാൻ എനിക്ക് അറിയില്ല. മാത്രമല്ല അത്തരം റിലേഷൻഷിപ്പുകളെ പ്രോത്സാഹിപ്പിക്കുന്നയാളുമല്ല ഞാൻ. അത്തരം റിലേഷൻഷിപ്പുകൾ അപകടകരമാണ്. അങ്ങനെയുള്ള ബന്ധങ്ങളിൽ ചെന്ന് പെടാൻ ആഗ്രഹിക്കുന്നുമില്ല. നമ്മൾ ചെയ്ത കഥാപാത്രങ്ങളെ ടോക്സിക്കായി സ്നേഹിക്കുന്ന പ്രേക്ഷകരെ ഇഷ്ടമാണ്. ജീവിതത്തിൽ യഥാർത്ഥ പ്രണയങ്ങൾ ആവശ്യത്തിൽ അധികം ആസ്വദിച്ചിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. കാരണം കോളജ് പഠന കാലത്ത് തന്നെ വളരെ സീരിയസായ റിലേഷൻസുണ്ടായിരുന്നു. അതുകൊണ്ട് തന്നെ യഥാർത്ഥ പ്രണയത്തിന്റെ ഡെപ്ത്ത് എനിക്ക് കൃത്യമായി അറിയാം. അതിന്റെ സുഖവും ദുഖവും എന്താണെന്ന് അറിയാം.

വിട്ടുകൊടുക്കലും സ്നേഹമാണ്
നമ്മുടെയൊക്കെ കാലത്തുണ്ടായിരുന്ന പ്രണയത്തിന്റെ രീതികളല്ല ഇപ്പോഴുള്ളത്. പ്രണയം എന്താണെന്ന് നിർവചിക്കാനും മനസിലാക്കി കൊടുക്കാനും ഒരു ദിവസം നല്ലത് തന്നെയാണ്. റോസും ടെഡി ബെയർ കൊടുത്തുമൊക്കെ പ്രപ്പോസ് ചെയ്യുന്നവരുണ്ടോയെന്ന് അറിയില്ല. ഇപ്പോഴത്തെ ആളുകൾ വളരെ സ്ട്രെയ്റ്റായി പ്രപ്പോസ് ചെയ്യുന്നവരാണെന്ന് തോന്നുന്നു. ഇപ്പോൾ പ്രണയത്തേക്കാൾ ടോക്സിക്കായിട്ടുള്ള, സ്വാർത്ഥത കൂടുതലുള്ള ബന്ധങ്ങളാണ്. അതൊന്നും പ്രണയമല്ല. പ്രണയമായി നിർവചിക്കാനും പറ്റില്ല. ദുരന്തങ്ങളിൽ അവസാനിക്കുന്ന സ്വാർത്ഥമായ പ്രണയങ്ങളാണ് അതൊക്കെ. പണ്ടൊക്കെ നമ്മൾ പറയാറുണ്ട് വിട്ടുകൊടുക്കുന്നതും സ്നേഹത്തിന്റെ ഭാഗമാണെന്ന്. അങ്ങനെ വിട്ടുകൊടുക്കാൻ കൂടി മനസുണ്ടായില്ലെങ്കിൽ ദുരന്തത്തിലേക്ക് വഴിമാറും. ഒരാൾക്ക് ഇഷ്ടം ഇല്ലാതെയായാലോ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നോ തോന്നിയാൽ രണ്ടുപേരും ഹാപ്പിയായി പിരിയണം. ജീവിതം ഒന്നേയുള്ളു അത് ആസ്വദിച്ച് ജീവിക്കുക.
പ്രണയം നിലനിർത്താൻ വേണ്ടത്
പ്രണയം നിലനിർത്താൻ പരസ്പരമുള്ള ബഹുമാനവും ആത്മാർത്ഥതയും സ്നേഹം തുറന്ന് കാണിക്കാനുള്ള മനസും മതി. എങ്കിൽ തന്നെ സ്മൂത്തായി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയും. പിന്നെ സാമ്പത്തികം പ്രണയത്തിന്റെ ഭാഗമാണെന്ന് പറയുമെങ്കിലും രണ്ടുപേർ തമ്മിൽ ആത്മാർത്ഥയും സ്നേഹവും ഉണ്ടെങ്കിൽ തന്നെ ഇതൊന്നും ബാധിക്കില്ല.
പ്രണയിക്കാൻ പ്രേരിപ്പിച്ച സ്നേഹം
എന്നെ സ്വാധീനിച്ചിട്ടുള്ള പ്രണയ ജോഡികളോ ദമ്പതികളോ ഇല്ല. കാരണം ഞാൻ മോശമില്ലാതെ ദാമ്പത്യവും കുടുംബവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ്. പ്രണയിക്കണമെന്ന തോന്നൽ എന്റെ ഉള്ളിൽ വന്ന് തുടങ്ങിയത് മാമനും മാമിയും തമ്മിലുള്ള പ്രണയം കണ്ടിട്ടാണ്. അവർക്കൊപ്പം കൂട്ടായി സിനിമ കാണാനും മ്യൂസിയത്തിൽ കറങ്ങാനുമെല്ലാം ഞാൻ പഠിക്കുന്ന കാലത്ത് പോയിട്ടുണ്ട്. ഇവരുടെ പ്രണയം കാണുന്നതിന് മുമ്പ് തന്നെ പക്ഷെ ഞാൻ പ്രണയിച്ച് തുടങ്ങിയിരുന്നു. എന്നിരുന്നാലും ഇവരുടെ പ്രണയം എന്റെ മനസിൽ തട്ടിയതായിരുന്നു. പക്ഷെ അവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തിയിട്ടും അത് വിജയിച്ചില്ല. അതിൽ വിഷമമുണ്ട്. ലാലേട്ടന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലെ ലാലേട്ടൻ-മീന പ്രണയം എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ്. ഒരു കുടുംബസ്ഥനായതുകൊണ്ടാകും ആ പ്രണയം ഇഷ്ടപ്പെട്ടത്.


Click it and Unblock the Notifications











