ഗോപിക വെറുമൊരു ഭാര്യ
സുഗുണന് ഭാര്യ ബിന്ദു വെറുതെയൊരു ഭാര്യ മാത്രമാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടും സഹിച്ചും കഴിയേണ്ട വെറുമൊരു പെണ്ണ്. അതിനപ്പുറം അവളുടെ താത്പര്യങ്ങളോ ഇഷ്ടങ്ങളോ നോക്കാന്‍ അയാള്‍ തയ്യാറല്ല.
ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്ന തന്നെ പരിചരിക്കാനുള്ള ഉപകരണമായാണ് അയാള്‍ ബിന്ദുവിനെ കാണുന്നത്. വീട്ടമ്മയായ ബിന്ദു ഒരു ജോലിയുമില്ലാതെ വെറുതെ വീട്ടിലിരുന്ന് ഉണ്ടും ഉറങ്ങിയും കഴിയുന്നുവെന്നാണ് അയാളുടെ പക്ഷം. അതുകൊണ്ട് അവള്‍ തന്റെ ഇഷ്ടങ്ങളെ നോക്കിയും കണ്ടും നിന്നുകൊള്ളണം. അവളുടെ ചെറിയ തെറ്റുകള്‍ പോലും അയാള്‍ പൊറുക്കില്ല. ശരി ചെയ്താലും അതിനെ തെറ്റായി കണ്ടുകളയും.
നര്‍ത്തകിയായ ബിന്ദുവിനെ വിവാഹം ചെയ്ത് വീട്ടില്‍ കൊണ്ടുവന്നതിനു ശേഷം ഇനി ആളുകള്‍ക്കു മുന്നില്‍ ആടാന്‍ പോകരുത് എന്നാണ് സുഗുണന്റെ ആജ്ഞ. അയാളുടെ എല്ലാ ആജ്ഞകളും അവള്‍ ശിരസാവഹിക്കുന്നു.
ഭര്‍ത്താവ് എന്തു പറഞ്ഞാലും അവള്‍ക്ക് എതിര്‍പ്പില്ല. വല്ലപ്പോഴുമെങ്കിലും സുഗണന്‍ അവളോട് സ്നേഹത്തോടെ പെരുമാറിക്കാണാനാണ് അവള്‍ കൊതിക്കുന്നത്. അവളുടെ ആഗ്രഹങ്ങളെയെല്ലാം ചവിട്ടി മെതിച്ചു ജീവിക്കുകയാണ് സുഗുണന്‍. അയാള്‍ തന്നെ ബിന്ദുവിനെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്- വെറുതെയൊരു ഭാര്യ.
വെറുതെയൊരു ഭാര്യ എന്ന ചിത്രത്തില്‍ സുഗുണനായി വേഷമിടുന്നത് ജയറാമും ബിന്ദുവിനെ അവതരിപ്പിക്കുന്നത് ഗോപികയുമാണ്. ഫിംഗര്‍പ്രിന്റിനു ശേഷം ജയറാമും ഗോപികയും നായികാനായകന്‍മാരാകുന്ന ചിത്രമാണിത്.
ബിജു മേനോന്‍, സിദ്ദിഖ്, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഇരട്ട സംവിധായകരായ അക്ബര്‍ ജോസിലെ അക്ബര്‍ സംവിധാനം ചെയ്യുന്ന വെറുതെയൊരു ഭാര്യയുടെ തിരക്കഥ കെ.ഗിരീഷ് കുമാറിന്റേതാണ്. നിര്‍മാണം സലാവുദ്ദീന്‍.


Click it and Unblock the Notifications