»   » തിലകന്‍ എന്ന ഓള്‍റൗണ്ടര്‍

തിലകന്‍ എന്ന ഓള്‍റൗണ്ടര്‍

Written By:
Subscribe to Filmibeat Malayalam
Thilakan
സ്വഭാവ നടന്‍, വില്ലന്‍, ഹാസ്യ നടന്‍... തിലകന് ചേരാത്തതായി ഒന്നുമുണ്ടായിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ നായകനായി വിജയിക്കാനും തിലകനു സാധിച്ചു. ഈ പരുക്കന്‍ മനുഷ്യനുള്ളില്‍ വലിയൊരു പ്രതിഭയുണ്ടെന്ന് തിരിച്ചറിഞ്ഞ്, അദ്ദേഹത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് എം.ടി. വാസുദേവന്‍ നായര്‍ പെരുന്തച്ചന്‍ എന്ന കഥാപാത്രത്തെ വളര്‍ത്തുന്നത്. സ്വന്തം മകനെ ഉളി വീഴ്ത്തി കൊന്ന തച്ചന്‍ എന്ന അപകീര്‍ത്തിയുണ്ടായിരുന്ന പെരുന്തച്ചനിലെ യഥാര്‍ഥ മനുഷ്യനെ കണ്ടെത്തുകയായിരുന്നു എം.ടി. അജയന്‍ എന്ന സംവിധായകന് ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം തേടികൊടുത്ത പെരുന്തച്ചനില്‍ തിലകന്‍ അല്ലെങ്കില്‍ ഇത്രയും വിജയിക്കുമായിരുന്നില്ല.

പെരുന്തച്ചന്‍, ഗമനം, കാട്ടുകുതിര, സന്താനഗോപാലം, മൈഡിയര്‍ മുത്തച്ഛന്‍, മുഖമുദ്ര, ഏകാന്തം എന്നീ ചിത്രങ്ങളിലെല്ലാം തിലകന്‍ നായക വേഷത്തിലായിരുന്നു. വില്ലനായും സ്വഭാവനടനായും അരങ്ങുതകര്‍ക്കുമ്പോഴാണ് ഈ ചിത്രങ്ങളിലും അഭിനയിക്കുന്നത്. തിലകന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍പറ്റാത്ത ചിത്രമായിരുന്നു പെരുന്തച്ചന്‍. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഉറപ്പിച്ചിരുന്നുവെങ്കിലും ഉത്തരേന്ത്യന്‍ ലോബിക്കു വഴങ്ങി അമിതാഭ് ബച്ചനു സമ്മാനിക്കുകയായിരുന്നു ജൂറി. ബച്ചന്റെ ആ കഥാപാത്രത്തെ ഇപ്പോള്‍ ആരും ഓര്‍ക്കാറില്ലെങ്കിലും പെരുന്തച്ചന്‍ ഒരു തവണ കണ്ടവര്‍ അതു മറക്കില്ല. 1990ല്‍ സംസ്ഥാന അവാര്‍ഡ് കൊണ്ട് തൃപ്തി പെടേണ്ടി വന്നെങ്കിലും എല്ലാവരും അംഗീകരിച്ച സത്യമായിരുന്നു പെരുന്തച്ചന്റെ ഏഴയലത്തു പോലും എത്താന്‍ ബച്ചനു പറ്റില്ലെന്ന്. തിലകന്റെ ഈ വേദന മലയാളിയുടെ കൂടെ വേദനയായി.

പക്ഷേ അന്നേരവും തിലകന്‍ അക്ഷോഭ്യനായിട്ടായിരുന്നു പ്രതികരിച്ചത്. അംഗീകാരം കിട്ടാത്തതിന്റെ പേരില്‍ ഒരിക്കലും തിലകന്‍ ക്ഷോഭിച്ചിട്ടില്ല. സിനിമാ രംഗത്തു നടക്കുന്ന കൊള്ളരുതായ്മകളോടായിരുന്നു അയാളുടെ പ്രതിഷേധം മുഴുവനും. കാട്ടുകുതിര എന്ന നാടകത്തില്‍ രാജന്‍ പി. ദേവ് ആയിരുന്നു നായകന്‍. എന്നാല്‍ എസ്.എല്‍ പുരത്തിന്റെ നാടകം സിനിമയായപ്പോള്‍ നായകന്‍ തിലകനായി. രാജന്‍ പി. ദേവ് മോശമായതുകൊണ്ടായിരുന്നില്ല അങ്ങനെ ചെയ്തിരുന്നത്. കുറച്ചുകൂടി നന്നായി തിലകന്‍ ചെയ്യുമെന്നതുകൊണ്ടായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ല.

മധു കൈതപ്രം എന്ന സംവിധായകന് ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് കിട്ടിയത് ഏകാന്തത്തിലൂടെയായിരുന്നു. തിലകന്‍-മുരളി നടന്‍മാരുടെ മല്‍സരിച്ചുള്ള അഭിനയമായിരുന്നു ചിത്രത്തെ ഇത്രയും ഭംഗിയുള്ളതാക്കിയത്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സഹോദരങ്ങളുടെ വേദന അവര്‍ അതിഭാവുകത്വമൊന്നുമില്ലാതെ ഗംഭീരമാക്കി.

തിലകന്‍ ഇരട്ടവേഷം ചെയ്ത ചിത്രമായിരുന്നു മുഖമുദ്ര. ജഗദീഷും സിദ്ദീഖുമൊക്കെ കോമഡി ചിത്രങ്ങളില്‍ നായകരായി തിളങ്ങുമ്പോഴാണ് ഇവരോടൊപ്പം ചേര്‍ന്നുകൊണ്ട്് തിലകനും ഇതില്‍ അഭിനയിച്ചത്. ഇരട്ട സഹോദരങ്ങളായി തിലകന്‍ മുഖമുദ്രയും ഗംഭീരമാക്കി. സന്താനഗോപാലം, ഗമനം എന്നീ ചിത്രങ്ങളിലെ അച്ഛന്‍ വേഷവും തിലകന്റെ കൈയില്‍ ഭദ്രമായിരുന്നു. ഈ രണ്ടു ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു 1994ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളിലെ പതിവു സാന്നിധ്യമായിരുന്ന തിലകനു മാത്രം ചെയ്യാന്‍ പറ്റുന്ന വേഷമായിരുന്നു സന്താനഗോപാലത്തില്‍. മൈഡിയര്‍ മുത്തച്ഛനും തിലകനെ മുന്നില്‍ കണ്ടുകൊണ്ട് സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു.

പത്മരാജന്റെ മൂന്നാം പക്കത്തിലെ മുത്തച്ഛന്റെ സ്ഥാനത്ത് തിലകനല്ലാതെ വേറെയാരെങ്കിലുമായിരുന്നെങ്കിലോ.. ഓര്‍ക്കാന്‍ പറ്റുമോ അങ്ങനെ. പേരമകന്‍ മരിച്ചതിന്റെ മൂന്നാം പക്കം കടലിലേക്കു കര്‍മം ചെയ്യാന്‍ പോകുന്ന മുത്തച്ഛന്റെ മുഖം ആരും മറക്കാത്തത് അത് തിലകന്‍ ചെയ്തതുകൊണ്ടുമാത്രമായിരുന്നു. ഈ ചിത്രത്തി്ന്ററ ജയവും തിലകന്‍ ആ മുത്തച്ഛനെ അവതരിപ്പിച്ചതായിരുന്നു.
നായകനായ ചിത്രങ്ങളൊന്നും തിലകന്‍ മോശമാക്കിയെന്ന് ആരും പറയില്ല.

English summary
With the death of veteran actor Thilakan, Malayalam cinema has lost a stalwart that nobody could match in the industry.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam