മോഹന്‍ലാലിന്‍റെ സ്‌നേഹത്തെക്കുറിച്ച് വിധു പ്രതാപ്! പ്രതീക്ഷിക്കാത്ത സമയത്ത് വന്ന സ്‌നേഹാന്വേഷണം!
മലയാളികളുടെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് വിധു പ്രതാപ്. വ്യത്യസ്തമായ ശബ്ദവുമായാണ് വിധു എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഗാനങ്ങളെ ശ്രോതാക്കള്‍ ഏറ്റെടുക്കുകയായിരുന്നു. ആല്‍ബങ്ങളും ചലച്ചിത്രഗാനങ്ങളും സ്‌റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് വിധു പ്രതാപ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അദ്ദേഹം.
മോഹന്‍ലാലിന്റെ കറയില്ലാത്ത സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് വിധു പ്രതാപ്. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് മോഹന്‍ലാലിനൊപ്പമുള്ളതും സമീപകാലത്തെ ഫോട്ടോയും വിധു പോസ്റ്റ് ചെയ്തിട്ടുണ്ട്. മണിക്കുട്ടന്‍, ബാല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരായിരുന്നു നേരത്തെ മോഹന്‍ലാല്‍ വിളിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയത്.
പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും. ഇതായിരുന്നു വിധു പ്രതാപിന്‍രെ പോസ്റ്റ്.

ബിഗ് ബോസ് സീസണ്‍ 2 ന്റെ ഷൂട്ടിനായി ചെന്നൈയിലേക്ക് പോയ മോഹന്‍ലാല്‍ അവിടെ തുടരുകയായിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുചിക്കും പ്രണവിനുമൊപ്പം ചെന്നൈയിലെ വീട്ടില്‍ കഴിയുകയാണ് അദ്ദേഹം. താരങ്ങളെയെല്ലാം വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കോള്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരങ്ങളെല്ലാം എത്തിയത്.
ലോക് ഡൗണ്‍ സമയത്ത് ടിക് ടോക് പരീക്ഷണങ്ങളുമായും വിധു പ്രതാപ് എത്തിയിരുന്നു. ദീപ്തിയും വിധുവിനൊപ്പം ടിക് ടോക്കില്‍ സജീവമാണ്. പ്രിയ സുഹൃത്തായ ബാലഭാസ്‌ക്കറിനെക്കുറിച്ചുള്ള പോസ്റ്റുമായും വിധു എത്തിയിരുന്നു. ബാലു സംഗീതം ചെയ്തതില്‍ തനിക്കേറെ പ്രിയപ്പെട്ട പാട്ടുമായാണ് വിധു എത്തിയത്. ഈ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications