40 വര്‍ഷം നീണ്ടു നിന്ന കുടിപ്പകയുടെ ചരിത്രം? വിജയ് ബാബുവിന്റെ 'ഗ്യാംഗ്‌സ് ഒഫ് ബന്തടുക്ക' വരുന്നു!
ഇന്ന് മലയാള സിനിമയിലെ മുന്‍നിര നിര്‍മാണ കമ്പനികളിലൊന്നാണ് വിജയ് ബാബുവിന്റെ കീഴിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്. ഇതേ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. അങ്കമാലി ഡയറീസിന് ശേഷം ഒരു നാടിന്റെ കഥയുമായിട്ടാണ് പുതിയ ചിത്രം വരുന്നത്. സക്കറിയുടെ ഗര്‍ഭിണികള്‍, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ സിനിമകളുടെ സംവിധായകനായ അനീഷ് അന്‍വറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിജയ് ബാബുവിന്റെ നിര്‍മ്മാണത്തിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഗ്യാംഗ്‌സ് ഒഫ് ബന്തടുക്ക'. ഫ്രൈഡേ ഫിലിംസ് മുന്‍പ് നിര്‍മ്മിച്ച അങ്കമാലി ഡയറീസ് ഒരു മിഡില്‍ അര്‍ബന്‍ മുവിയായിരുന്നുവെങ്കില്‍ ബന്തടുക്ക ഒരു റിമോര്‍ട്ട് റൂറല്‍ ഗ്യാങ്ങുകളുടെ കഥയാണ് പറയുന്നത്. കാസര്‍ഗോഡ് ജില്ലയിലെ വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമാണ് ബന്തടുക്ക. അത് കഴിഞ്ഞാല്‍ കര്‍ണ്ണാടക വനമേഖലയാണ്. ചിത്രത്തിന്റെ ഇതിവൃത്തം ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ലങ്കിലും 40 വര്‍ഷം നീണ്ടു നിന്ന കുടിപ്പകയുടെ ചരിത്രമാണന്ന് ഒരു സൂചന കിട്ടുന്നുണ്ട്.

സ്‌ക്രിപ്റ്റ് കേട്ട മാത്രയില്‍ തന്നെ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നു. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുമ്പോള്‍ നിസാം റാവുത്തരാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിസാമിന്റെയും അനീഷിന്റെയും വര്‍ഷങ്ങളുടെ സ്വപനവും പ്രയക്തവുമാണ് ചിത്രമെന്നും വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നതെന്നും സോഷ്യല്‍ മീഡിയ വഴി സംവിധായകന്‍ അനിഷ് അന്‍വര്‍ വ്യക്തമാക്കി.
കുടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനായി മലബാര്‍ മേഖലയിലെ ഓഡിഷന്‍ കണ്ണൂരില്‍ വച്ച് ജൂണ്‍ 9 ന് നടത്താനുള്ള പരസ്യവും ഫ്രൈഡേ മുവി ഹൗസ് പുറത്തുവിട്ടിട്ടുണ്ട്. 25 നും 55 നും ഇടയില്‍ പ്രായമുള്ള 15 ഓളം പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കുക. മിക്കവരും നായക, നായിക കഥാപാത്രങ്ങളായിരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നുണ്ട്.. വളരെ വര്‍ഷങ്ങള്‍ നീണ്ട ഈ സ്വപ്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്. ഓഡീഷനലുകള്‍ക്ക് ശേഷമായിരിക്കും താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുകയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.


Click it and Unblock the Notifications











