അത് ഉളളില്‍ വച്ചാല്‍ ട്യൂമറായി എന്റെ ശരീരത്തില്‍ വളരും,അര്‍ജുന്‍ റെഡ്ഡി വിവാദത്തില്‍ വിജയ് ദേവരകൊണ്ട
അര്‍ജുന്‍ റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുളള നടി പാര്‍വതിയുടെ പരാമര്‍ശം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിജയ് ദേവരകൊണ്ടയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് നടി സംസാരിച്ചത്. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളും അണിനിരന്ന ഒരു യുട്യൂബ് ചാനലിന്റെ സംവാദത്തിലായിരുന്നു വിജയ് ദേവരകൊണ്ടയെ മുന്‍നിര്‍ത്തി പാര്‍വ്വതി സംസാരിച്ചത്.
അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഈ ചിത്രം നായകകഥാപാത്രത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു. ഇതിന് വിജയ് ദേവരകൊണ്ട നല്‍കിയ മറുപടിയും നേരത്തെ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

സമൂഹത്തിന് സന്ദേശം കൊടുക്കുന്നതിലുപരി തനിക്ക് ചെയ്യാന്‍ ഇഷ്ടമുളള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ താന്‍ പരിഗണിക്കാറുളളത് എന്നും നടന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകള്‍ തനിക്ക് ചെയ്യാനാകില്ലെന്നും നടന്‍ സംവാദത്തില്‍ തുറന്നുപറഞ്ഞു. കൂടാതെ പരസ്പരം അടിപിടി ഉണ്ടാക്കുന്ന കാമുകി കാമുകന്‍മാര്‍ ഉണ്ടായിരിക്കും എന്ന് പറഞ്ഞ വിജയ്, അവരെ പോലുളളവര്‍ക്ക് അര്‍ജുന്‍ റെഡ്ഡി പോലൊരു ചിത്രം കാണുമ്പോള്‍ പ്രശ്നം ഉണ്ടാവാന്‍ സാധ്യതയില്ല എന്നും പറഞ്ഞിരുന്നു.

പാര്‍വ്വതിക്കും വിജയ് ദേവരകൊണ്ടയ്ക്കും പുറമെ വിജയ് സേതുപതി, രണ്‍വീര്‍ സിങ്,ആയുഷ്മാന്‍ ഖുറാന, മനോജ് ബജ്പേയി, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിജയ് ദേവരകൊണ്ട നല്‍കിയ മറുപടി വൈറലായിരുന്നു.

താനിപ്പോള്‍ അസ്വസ്ഥനാണെന്നും അത് ഉളളില്‍ വെയ്ക്കാന്‍ പറ്റില്ല, അത് ഉളളില്‍ വെച്ചാല്‍ ട്യൂമറായി എന്റെ ശരീരത്തില്‍ വളരും എന്നുമാണ് നടന്‍ പറഞ്ഞത്. തന്നെ അസ്വസ്ഥനാക്കുന്നത് ആ അഭിമുഖത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില ചര്‍ച്ചകള്‍ കണ്ടിട്ടാണെന്നും നടന്‍ പറയുന്നു. ഞാന്‍ ഏറെ അസ്വസ്ഥനാണ്, അത് മനസ്സില്‍ കൊണ്ടു നടക്കേണ്ട കാര്യം എനിക്കില്ല. പാര്‍വ്വതിയെ എനിക്ക് വലിയ ഇഷ്ടമാണ്.

പാര്‍വ്വതിയെ ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലസോരപ്പെടുത്തുന്നു. എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. അവരെന്താണ് സംസാരിക്കുന്നത് എന്ന് പോലും അവര്‍ക്കറിഞ്ഞുകൂടാ. എന്താണ് കാര്യമെന്ന് അന്വേഷിക്കാതെയാണ് ചിലര്‍ പക്ഷം പിടിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ചില വിഡ്ഡികളാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതെന്നും അത്തരക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നും നടന്‍ പറഞ്ഞു.വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം രകുല്‍ പ്രീത് സിങും രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന ഇന്ററാക്ഷനില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











