എനിക്ക് ഈ സിനിമ വലിയ ബ്ലോക്ക്ബസ്റ്ററായി കാണണം! അര്‍ജുന്‍ റെഡ്ഡി റീമേക്കിനെക്കുറിച്ച് വിജയ് ദേവരകൊണ്ട
തെലുങ്കിലെന്ന പോലെ മലയാളി പ്രേക്ഷകരും ഏറ്റെടുത്ത സിനിമകളിലൊന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡി. ടോളിവുഡില്‍ വന്‍ വിജയമായ സിനിമ മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു കേരളത്തിലും തരംഗമായി മാറിയത്. വിജയ് ദേവരകൊണ്ടയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു ചിത്രം. ചെറിയ സിനിമകളില്‍ നിന്നും നടന്‍ സൂപ്പര്‍ താര പദവിയിലേക്ക് എത്തിയ സിനിമ കൂടിയായിരുന്നു അര്‍ജുന്‍ റെഡ്ഡി.
തെന്നിന്ത്യയില്‍ തരംഗമായ സിനിമ ബോളിവുഡിലേക്കും എത്തുകയാണ്. കബീര്‍ സിങ് എന്ന ഷാഹിദ് കപൂറിന്റെ ചിത്രമാണ് അടുത്തതായി റിലീസിങ്ങിനൊരുങ്ങുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമൊക്കെ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് സാക്ഷാല്‍ അര്‍ജുന്‍ റെഡ്ഡി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

കബീര്‍ സിങ്ങിനെക്കുറിച്ച് വിജയ് ദേവരകൊണ്ട
ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് ദേവരകൊണ്ട അര്‍ജുന്‍ റെഡ്ഡി ഹിന്ദി പതിപ്പിനെക്കുറിച്ച് സംസാരിച്ചത്. തെലുങ്കില്‍ വലിയ വിജയമായ ശേഷമാണ് അര്‍ജുന്‍ റെഡ്ഡി ബോളിവുഡിലേക്കും എത്തുന്നത്. ബോളിവുഡ് പ്രഖ്യാപനം ഉണ്ടായപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആരായിരിക്കും വിജയ് ദേവരകൊണ്ടയുടെ റോളില്‍ എത്തുകയെന്നാണ്.

നടന്‍ പറഞ്ഞത്
തുടര്‍ന്നാണ് ഷാഹിദ് കപൂര്‍ കബീര്‍ സിങ്ങായി എത്തുമെന്ന വിവരം പുറത്തുവന്നത്. കബീര്‍ സിങ്ങ് ഹിന്ദിയിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടായിരുന്നു വിജയ് ദേവരകൊണ്ട സംസാരിച്ചിരുന്നത്. എന്റെ പ്രിയ സുഹൃത്ത് സന്ദീപ്, അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍. ഹിന്ദി റീമേക്കും ചെയ്തുകഴിഞ്ഞിരിക്കുകയാണ്. അത് എങ്ങനെ വന്നിരിക്കുന്നുവെന്ന് കാണാനായി എനിക്ക് കാത്തിരിക്കാന്‍ വയ്യ.

മാസീവ് ബ്ലോക്ക്ബസ്റ്ററാകണമെന്നാണ്
ഒറിജിനല്‍ സ്‌ക്രിപ്റ്റില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് സന്ദീപ് സിനിമ എടുത്തിരിക്കുന്നത്. ഇഷ്‌ക് വിഷ്‌ക് മുതല്‍ നല്ലൊരു നടനായ ഷാഹിദ് കപൂറിനെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം കബീര്‍ സിങ്ങായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ സിനിമ മാസീവ് ബ്ലോക്ക്ബസ്റ്ററാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമുഖത്തില്‍ സംസാരിക്കവേ വിജയ് ദേവരകൊണ്ട വ്യക്തമാക്കി.

കബീര്‍ സിങ്ങ്
അതേസമയം വിജയ് ദേവരകൊണ്ടയുടെ വാക്കുകളെ എറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്തൊരു സ്വീറ്റാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അര്‍ജുന്‍ റെഡ്ഡി പുറത്തിറങ്ങി രണ്ട് വര്‍ഷമാകുന്ന സമയത്താണ് സിനിമയുടെ ബോളിവുഡ് റീമേക്ക് വരുന്നത്. ഈ രണ്ട് വര്‍ഷം കൊണ്ട് തെലുങ്കിലെ തിരക്കേറിയ താരങ്ങളിലൊരാളായി വിജയ് ദേവരകൊണ്ട മാറിയിരുന്നു.

കിയാര അദ്വാനിയാണ്
ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയാണ് കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറിന്റെ നായികാ വേഷത്തിലെത്തുന്നത്. സന്ദീപ് വാങ്ക സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ ഷാഹിദിന്റെ പ്രകടനം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ജൂണ്‍ 21നാണ് കബീര്‍ സിങ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications