എന്റെ ആദ്യ സിനിമയുടെ കഥ ആ സംവിധായകന്‍ അടിച്ചുമാറ്റി! മൂന്ന് മാസത്തിന് ശേഷം അതൊരു ഹിറ്റ് മൂവിയായി വന്നു
മലയാള സിനിമയില്‍ ഒരു കാലത്ത് ഡോക്ടറായും ശാസ്ത്രജ്ഞനായും സൈക്കോ ആയിട്ടുമൊക്കെ അഭിനയിച്ചിരുന്ന താരമാണ് വിജയ് മേനോന്‍. നിരവധി സിനിമകളില്‍ അഭിനയിക്കുന്നതിന് പുറമേ സംവിധായകനായിട്ടും വിജയ് തിളങ്ങി. സൂപ്പര്‍ താരം പ്രേം നസീറിനെ നായകനാക്കിയാണ് വിജയ് മേനോന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്.
എന്നാല്‍ അതിനു മുന്‍പേ താനൊരു കഥ എഴുതിയിരുന്നുവെന്നും അത് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ അടിച്ചുമാറ്റി സംവിധാനം ചെയ്തുവെന്നും പറയുകയാണ് താരമിപ്പോള്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയ് മേനോന്‍.

'നസീര്‍ സാറിനെ വെച്ച് സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ പല മോഹങ്ങളിലും ഒന്നായിരുന്നു. എന്നാല്‍ അതിനു മുന്‍പ് ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചിരുന്നു. 'പ്രേം നസീറിനെ കാണ്മാനില്ല' എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിന്റെ ലൊക്കേഷനില്‍ വച്ച് എനിക്ക് സാറിനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. നീ എഴുതിക്കൊണ്ട് വാ എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് 'നിലാവിന്റെ നാട്ടില്‍' എന്ന സിനിമ സംഭവിക്കുന്നത്.
എന്റെ ആദ്യത്തെ സിനിമ 'എല്ലാം വില്പനയ്ക്ക്' എന്ന പേരിലാണ് എഴുതിയിരുന്നത്. അത് എഴുതി കഴിഞ്ഞതിനുശേഷം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ച ആളുടെ അടുത്തു പോയി ആ കഥ പറഞ്ഞു. അദ്ദേഹം മലയാളത്തിലെ പ്രമുഖ സംവിധായകനായിരുന്നു. മുഴുവന്‍ കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും നല്ല കഥയാണെന്ന് പറയുകയും ചെയ്തു. ആരാണ് പ്രധാനപ്പെട്ട കഥാപാത്രം എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ആണെന്ന് പറഞ്ഞു. അദ്ദേഹം ശരിക്കും ഞെട്ടി. ഞാന്‍ സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എങ്ങനെയാണെന്ന് പുള്ളിയ്ക്ക് പറഞ്ഞു കൊടുത്തു.
മാത്രമല്ല നിങ്ങളുടെ നായികയായി അഭിനയിക്കുന്ന ഇവരാണെന്ന് വന്നപ്പോള്‍ അവര്‍ എന്റെ ഭാര്യയായി അഭിനയിക്കുമോ എന്നൊക്കെ സംശയമായിരുന്നു. എന്നാല്‍ താന്‍ അവരോട് സമ്മതിപ്പിക്കാമെന്ന് പറഞ്ഞു. അങ്ങനെ ട്രങ്ക് കോളിലൂടെ ആ നായികയെ വിളിച്ചു. ഞാനാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ അവര്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു.

എന്നാലും ഒരു മൂന്നുമാസം കാത്തിരിക്കാനും അദ്ദേഹം തിരുവനന്തപുരം വരെ പോയിട്ട് വരാമെന്നുമാണ് ആ സംവിധായകന്‍ എന്നോട് പറഞ്ഞു. ആ സമയത്ത് ഞാന്‍ എന്റെസിനിമയ്ക്കുള്ള ലൊക്കേഷനും മറ്റുമൊക്കെ ശരിയാക്കുകയായിരുന്നു. മൂന്നുമാസം കഴിഞ്ഞ് പുള്ളി തിരിച്ചു വന്നിട്ട് അദ്ദേഹത്തിന്റെ സിനിമയുടെ പ്രിവ്യൂ ഉണ്ട് കാണാന്‍ വരണമെന്ന് പറഞ്ഞു. പടം കണ്ട് തുടങ്ങി മൂന്ന് റീല്‍ ആയപ്പോഴേക്കും ഞാന്‍ ഞെട്ടി. കാരണം ഞാന്‍ എഴുതി കൊടുത്ത കഥ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ചെറിയ മാറ്റങ്ങള്‍ മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളു.
അന്ന് വൈകുന്നേരം എല്ലാവരും കൂടെ അവിടെ കൂടിയിരുന്നു. ഭരതേട്ടന്‍ അടക്കമുള്ളവര്‍ക്ക് ഞാന്‍ ഈ സിനിമ ചെയ്യുന്നതിനെ പറ്റി അറിയാം. അവന്റെ പടം അല്ലേ നീ എന്താണ് ഈ കാണിച്ചത് എന്നൊക്കെ അവര്‍ അദ്ദേഹത്തോട് ചോദിച്ചു. അവന്‍ വേറെ എഴുതിക്കോളും അവനെ നമുക്ക് അറിയില്ലേ എന്ന് അദ്ദേഹം വളരെ സിമ്പിള്‍ ആയി പറഞ്ഞു. ആ പടം പോയി എന്നും വിജയ് മേനോന്‍ പറയുന്നു.


Click it and Unblock the Notifications











