ആടുജീവിതത്തിലൂടെ വിക്രം വീണ്ടും മലയാളത്തില്‍ ?
വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ബെന്യാമിന്റെ 'ആടുജീവിതം' എന്ന ജനപ്രിയ നോവല്‍ ബ്ലസി സിനിമാക്കുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കളിമണ്ണ് എന്ന വിവാദ ചിത്രത്തിന് ശേഷം ബ്ലസി സംവിധാനം ചെയ്യാനിരുന്ന ആടു ജീവിതത്തെ കുറിച്ച് പിന്നീടൊന്നും കേട്ടിരുന്നില്ല. ചിത്രത്തില്‍ നായകനാകുന്നത് പൃഥ്വിരാജായിരിക്കും എന്ന സൂചനകളുണ്ടായിരുന്നു.
എന്നാല്‍ പൃഥ്വിയല്ല, ചിയാന്‍ വിക്രമാകും ബ്ലസിയുടെ ആടുജീവിതത്തിലെ നായകനെന്ന് സൂചന. ഐ യുടെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തിയ വിക്രം പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

വിക്രം മലയാളത്തിലേക്കു ഒരു തിരിച്ചവരവ് നടത്തുമോ എന്നായിരുന്നു ചോദ്യം. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ബ്ലസി തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ആടു ജീവിതത്തിന്റെ ചര്‍ച്ചകള്‍ നടക്കുകയാണെന്ന സൂചന വിക്രം നല്‍കി. തിരക്കഥ പൂര്‍ത്തിയാകാത്തതിനാല്‍ ഇതേ കുറിച്ച് കൂടതലൊന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍ ജോലി തേടിയെത്തി വഞ്ചിക്കപ്പെട്ട് വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ ആടുകള്‍ക്കൊപ്പം കഴിയേണ്ടിവന്ന നജീബ് എന്നയാളുടെ ദുരവസ്ഥയാണ് ആടുജീവിതം വരച്ചുകാട്ടുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവകഥ ബെന്യാമിന്‍ നോവലാക്കുകയായിരുന്നു.
ബ്ലസിയുടെ ആദ്യ ചിത്രമായ 'കാഴ്ച' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നും നായകന്‍ വിക്രമായിരിക്കുമെന്നും ആദ്യ കാലങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ പിന്നീടെന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത 'തന്മാത്ര' എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ശ്രമം നടത്തിയതായി ഒരു അഭിമുഖത്തില്‍ വിക്രം തന്നെ പറഞ്ഞിരുന്നു. അതും നടന്നില്ല. ആടു ജീവിതം എല്ലാത്തിനുമൊരു പരിഹാരമാകും എന്ന് പ്രതീക്ഷിക്കാം


Click it and Unblock the Notifications











