വിക്രം വാശി വിഴുങ്ങി
പിതാമഹനിലെ അഭിനയം ദേശീയ അവാര്‍ഡ് നേടിക്കൊടുത്തെങ്കിലും സൂര്യയോടൊപ്പം അഭിനയിച്ച ആ ചിത്രത്തിനു ശേഷം വിക്രം ഒരു തീരുമാനത്തിലെത്തി- രണ്ട് നായകന്മാരുള്ള ചിത്രത്തില്‍ ഇനി അഭിനയിക്കില്ല.
ഹീറോയിസം ഒറ്റയ്ക്ക് മതി, അത് മറ്റൊരാള്‍ക്ക് കൂടി പങ്ക് വയ്ക്കാന്‍ അനുവദിക്കാനാവില്ല- ഇതാണ് വിക്രത്തിന്റെ നയം. എന്നിട്ടും, ഹീറോയായുള്ള താണ്ഡവം ഒറ്റയ്ക്ക് ചെയ്തിട്ടും മജയും ഭീമയും ബോക്സോഫീസില്‍ പൊട്ടി. ആ ചിത്രങ്ങളുടെ പരാജയം കൊണ്ടോണോ എന്നറിയില്ല, താന്‍ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയിലേ അഭിനയിക്കൂവെന്ന വാശി വിക്രം വിഴുങ്ങുകയാണ്.
മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിനു വേണ്ടിയാണ് വിക്രം തന്റെ കടുത്ത തീരുമാനത്തിന് ഭേദഗതി വരുത്തിയിരിക്കുന്നത്. ഗുരുവിനു ശേഷം അഭിഷേക് ബച്ചനെയും ഐശ്വര്യാറായിയെയും നായികാനായകന്മാരാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. രജനീകാന്തിനു പോലും ഒന്നുമാകാനാവാതെ പോയ ഹിന്ദിയില്‍ തനിക്കു സോളോ ഹീറോ ആയി അഭിനയിക്കണണെന്ന് വാശി പിടിച്ചിട്ട് കാര്യമില്ലെന്ന് വിക്രമിനു ബോധ്യമായി കാണണം.
വിക്രം ആദ്യമായി അഭിനയിക്കുന്ന ഹിന്ദി ചിത്രമായിരിക്കും ഇത്. മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്ന തന്റെ ഏറെ കാലമായുള്ള ആഗ്രഹം അങ്ങനെ വിക്രം സാധിക്കുകയാണ്.


Click it and Unblock the Notifications