ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്, നായകന്‍ വിക്രം പ്രഭു
മലയാളത്തില്‍ വിഭവസമ്പന്നമായ രുചികള്‍ വിളമ്പിയ ഉസ്താദ് ഹോട്ടല്‍ തമിഴിലേക്ക്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്ത വേഷം തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് ശിവാജി ഗണേഷന്റെ കൊച്ചുമകനും നടന്‍ പ്രഭുവിന്റെ മകനുമായ വിക്രം പ്രഭുവാണ്.
'തലപ്പക്കെട്ട്' എന്ന പേരില്‍ സത്യശിവനാണ് ഉസ്താദ് ഹോട്ടല് തമിഴിലെത്തിക്കുന്നത്. തിലകന്‍ ചെയ്ത കരീമിക്കക്കയുടെ വേഷം തമിഴിലെത്തുമ്പോള്‍ ആരുചെയ്യും എന്നത് തീരുമാനിച്ചിട്ടില്ല. നായിക നിത്യാ മേനോന്‍ ചെയ്ത ഷഹാനയും ചര്‍ച്ചയിലാണ്.

പ്രഭു സോളമന്‍ സംവിധാനം ചെയ്ത കുംമ്കി എന്ന ചിത്രത്തിലൂടെയാണ് വിക്രം പ്രഭു വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അരിമ നമ്പി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം കഴിഞ്ഞ ഇവന്‍ വേറമാതിരി, സിഗരം തുണ്ട് എന്നീ ചിത്രങ്ങള്‍ അണിയറയില്‍ റിലീസിനൊരുങ്ങുകയാണ്.
കോഴിക്കോടന്‍ നഗര പശ്ചതാത്തലത്തില്‍ രുചിയേറിയ ഒരു ബിരിയാണിവച്ച കഥയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനും തിലകനും നിത്യാ മേനോനും പുറമെ മാമൂക്കോയ, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, ജയപ്രകാശ്, ലെന, പ്രവീണ തുടങ്ങിയവരാണ് വേഷമിട്ടത്.
മികച്ച ജനപ്രിയ ചിത്രം എന്ന നിലയില്‍ ഉസ്താദ് ഹോട്ടലിന് ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ക്കും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാരം അഞ്ജലി മേനോനും ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ സംവിധായകനും തിലകന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നീ അഭിനേതാക്കള്‍ക്കും പുറമെ സംഗീത സംവിധായകന്‍, ഗായകര്‍ എന്നിങ്ങനെ മിക്ക മേഖലികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു.


Click it and Unblock the Notifications