വിനാശകാലേ വിനയന്റെ ബുദ്ധി
രണ്ടുനാളു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടക്കുന്നതും ഭവാന്‍,
മാളിക മുകളേറിയ മന്നന്റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍.......... എന്ന് പൂന്താനം എഴുതിയത് വിനയന്റെ കാര്യത്തില്‍ അച്ചട്ടാകുന്ന ലക്ഷണമാണ്.
മാക്ടയുടെ കിരീടം വെയ്ക്കാത്ത രാജാവായി വിലസുകയും ഫെഫ്സി, ഐഫക് തുടങ്ങിയ സംഘടനകളുടെ കണ്ണിലുണ്ണിയാണ് താനെന്ന് അഹങ്കരിക്കുകയും ചെയ്ത അതേ വിനയനാണ് ഇപ്പോള്‍ അച്ചടക്ക ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്നത്.
മലയാള സിനിമാ സംഘടനയ്ക്കകത്ത് ഉയര്‍ന്നു വന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃപരമായ പങ്കുവഹിക്കാനിറങ്ങിയ ഐഫക്കിനും ഫെഫ്സിക്കും മുന്നില്‍ വീണ്ടും വിനയന്‍ ആളാകാനിറങ്ങിയതാണ് അവരുടെ മുഖം കറുപ്പിച്ചത്. ചര്‍ച്ചയ്ക്കും ഒത്തുതീര്‍പ്പിനും വഴി തെളിഞ്ഞപ്പോള്‍ വിമതരെ പരിഹസിക്കാന്‍ വീണ്ടും പത്രസമ്മേളനം നടത്തിയതാണ് വിനയന് വിനയായത്.
മാക്ടയിലെ ഒരു വിഭാഗവും ഒത്തുതീര്‍പ്പിനെയോ മറ്റുളള കാര്യങ്ങളെയോ കുറിച്ച് യാതൊന്നും പത്രക്കാരോട് സംസാരിക്കരുതെന്ന് ഐഫക് വ്യക്തമായ നിബന്ധന വെച്ചിരുന്നു. നിബന്ധനയൊന്നും തനിക്കു വേണ്ടില്ലെന്ന് കരുതുന്ന വിനയന്‍ അന്നു തന്നെ വാര്‍ത്താ സമ്മേളനം വിളിച്ചു.
അല്ലെങ്കില്‍ തന്നെ, ഫെഫ്സിയും ഐഫക്കുമൊക്കെ വിനയന്‍ പക്ഷത്തെ അംഗീകരിക്കുന്നതായി നടിക്കുകയായിരുന്നുവെന്ന് നേരത്തെ പലര്‍ക്കും തോന്നിയിരുന്നു. വിനയന്റെ ഭാഗത്തുളളവര്‍ക്ക് ഇപ്പോള്‍ സിനിമയൊന്നുമില്ല. സിനിമയുളളവരെല്ലാം ഇപ്പുറത്താണ്. തൊഴില്‍ ബന്ധത്തിന്റെ ഭാഗമായി വിമതരോട് വ്യക്തിപരമായ അടുപ്പം പുലര്‍ത്തുന്നവരാണ് സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനും മറ്റും.
അതുകൊണ്ടാണ് ഫെഫ്സിയും ഐഫക്കും അംഗീകരിക്കില്ലെന്നൊക്കെ പറഞ്ഞപ്പോഴും പിളര്‍പ്പുമായി വിമതര്‍ മുന്നോട്ടു പോയത്. പുതിയ സംഘടന നിമിഷങ്ങള്‍ക്കുളളില്‍ എന്ന് പ്രഖ്യാപിച്ചവരാകട്ടെ, പേരു പോലും തീരുമാനിച്ചിട്ടല്ല, കണ്‍വെന്‍ഷന്‍ വിളിച്ചത്.
അതൊക്കെ വെറുമൊരു സമ്മര്‍ദ്ദ തന്ത്രം മാത്രമാണെന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. അവര്‍ ഉദ്ദേശിച്ച ദിശയില്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. എന്നാല്‍ ഇപ്പോഴും തൊഴിലാളികളില്‍ വലിയൊരു ഭാഗവും വിനയനെ അനുകൂലിക്കുന്ന വിഭാഗത്തിലാണെന്നത് വിമതരെ അലട്ടുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ ഫെഫ്സി ഇച്ഛിച്ചതു തന്നെ വിനയന്‍ ഛര്‍ദ്ദിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. രേഖാമൂലം പരാതി കിട്ടിയാല്‍ വിനയനെതിരെ നടപടിയെടുക്കുമെന്നാണ് ഫെഫ്സിയും ഐഫക്കും പറയുന്നത്.
വിനാശകാലേ വിനയന്റെ ബുദ്ധി... അല്ലാതെന്ത് പറയാന്‍!!!
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











