അന്ന് മലയാളികളെ ഏറെ ഭയപ്പെടുത്തിയ സിനിമ! വിനയന്റെ ആകാശഗംഗ 2 ചിത്രീകരണം പൂര്‍ത്തിയാക്കി
വിനയന്റെ സംവിധാനത്തിലെത്തിയ ഹൊറര്‍ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരികയാണ്. ചാലക്കുടിക്കാരന്‍ ചങ്ങാതിയ്ക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ആകാശ ഗംഗ 2 എന്നാണ് പേരിട്ടിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയായിരുന്നു രണ്ടാം ഭാഗവും ചിത്രീകരിച്ചിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണെന്ന് വിനയന്‍ വ്യക്തമാക്കിയിരിക്കുകയാണ്.
വിനയന്‍ പറയുന്നതിങ്ങനെ..
'ആകാശഗംഗ 2' ന്റെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ. പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം. സഹായിക്കുകയും, സഹകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംഷികള്‍ക്കും നന്ദി. എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വിനയന്‍ പറയുന്നത്.

ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഹൊറര്‍ ചിത്രമായിരുന്നു ആകാശ ഗംഗ. അക്കാലത്ത് ഈ ചിത്രം ഹിറ്റായിരുന്നു. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച സിനിമ രണ്ട് മാസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെയായിരിക്കും ആകാശഗംഗ 2 അവതരിപ്പിക്കുന്നത്. ആകാശഗംഗയിലെ ഏറ്റവും ഹിറ്റായ പുതുമഴയായി വന്നു എന്ന പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. എന്‍ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications