വിനീത് ശ്രീനിവാസന്‍ എന്റെ ഗുരു: അജു വര്‍ഗീസ്
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസന്‍ സംവിധായകനായി മലയാള സിനിമാ രംഗത്തേയ്ക്ക് വന്നത്. ഈ ചിത്രത്തിലൂടെ മലയാളത്തിന് മികച്ച ഒരു കൂട്ടം ചെറുപ്പക്കാരെ കിട്ടി. നായകനായും ഹാസ്യതാരമായും മാറാന്‍ കഴിയുന്ന കുറച്ച് പുതുമുഖങ്ങള്‍. അതിലൊരാളാണ് അജു വര്‍ഗീസും. ഇന്ന് വിനീത് ഇരുത്തം വന്ന ഒരു സംവിധായകനും അജു നല്ലൊരു ഹാസ്യ നടനുമായും മാറിക്കഴിഞ്ഞു.
സിനിമയില്‍ എത്തുന്നതിന് മുമ്പേ ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഒരുമിച്ച് പഠിച്ചവര്‍. സംവിധാനത്തിനൊപ്പം അഭിനയക്കുകയും ചെയ്യുന്ന ഗായകനാണ് വിനീത് ശ്രീനിവാസന്‍. സിനിമയില്‍ എത്തി ഇത്രയുമായിട്ടും വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ അജു വര്‍ഗീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതിനിപ്പോള്‍ പരിഹാരമായിരിക്കുകയാണ്.

അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിലൂടെയാണ് വിനീതിനൊപ്പം അജു വര്‍ഗീസ് എത്തുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് അജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്്. ഒപ്പം വിനീതിനൊപ്പം അഭിനയിക്കുന്നതിലുള്ള സന്തോഷവും. ഗുരു എന്നാണ് വിനീതിനെ അജു വിശേഷിപ്പിച്ചിരിക്കുന്നത്.
ജൂഡ് ആന്റണി സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന'യില്‍ അജുവും വിനീതും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവര്‍ക്കും വേണ്ടി ഒരു രംഗം ഉണ്ടായിരുന്നില്ല. പക്ഷെ ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ വിനീതിനൊപ്പം തന്നെയുണ്ട് അജുവും. ഞാനെന്റെ ഗുരുവും സംവിധായകനുമായാണ് വിനീതിനെ കാണുന്നതെന്ന് അജു പറയുന്നു.
വിനീതില്‍ നിന്ന് പഠിക്കാന്‍ എനിക്കേറെയുണ്ട്. ഒരു സുഹൃത്തെന്നതിലുപരി വിനീതിന് മുന്നില്‍ ഞാനൊരു കുട്ടിയാണ്. ഒരു നടനെന്ന നിലയില്‍ വിനീത് ശ്രനീവാസന്‍ തീര്‍ത്തും വ്യത്യസ്തനായ വ്യക്തിയാണ്.- അജു പറഞ്ഞു.
വിനീതിന്റെ കമ്പനിയിലെ ജോലിക്കാരനായ അപൂര്‍വ്വ എന്ന കഥാപാത്രത്തെയാണ് ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്.


Click it and Unblock the Notifications