വിനീത് സംവിധായകനാകുന്നു, നായകന്‍ ഫഹദ് ഫാസില്‍
വിനീത് കുമാര്‍, ചാരകണ്ണുള്ള സുന്ദരനായ യുവാവ്. അഭിനയത്തിലെ മികവ് ചെറുപ്പത്തിലെ തെളിയിച്ച നടന്‍. പക്ഷെ വളര്‍ന്നപ്പോള്‍ എന്തോ അഭിനയ രംഗത്ത് ശോഭിക്കാന്‍ കഴിഞ്ഞില്ല. തനിക്ക് മുന്നെ വന്നവരും പിന്നെ വന്നവരുമെല്ലാം വെള്ളിത്തിരയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തുമ്പോഴും വിനീത് മിണ്ടാതെ നിന്നതേയുള്ളു.
നൃത്തത്തിലൂടെയാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകനാണെന്ന പേരും വിനീതിനുണ്ട്. എന്നാല്‍ അധികമാരുമറിയാത്ത, വിനീതിനെ സംബന്ധിച്ച് മറ്റൊരു പരസ്യമായ രഹസ്യകൂടെയുണ്ട്. നല്ലൊരു പരസ്യചിത്ര നിര്‍മാതാവ് കൂടെയാണ് വിനീത് കുമാര്‍.

ഇനി അതിലും ഒതുങ്ങുന്നില്ല. നര്‍ത്തകന്‍, അഭിനേതാവ്, പിന്നെ പരസ്യ നിര്‍മാതാവ് ഇനിയിപ്പോഴിതാ സംവിധാനവും. അതെ വിനീത് കുമാര്‍ ഇനി പരീക്ഷണം നടത്തുന്നത് സംവിധാന മേഖലയിലാണ്.
സംസ്ഥാന പുരസ്‌കാര ജേതാവായ യുവനടന്‍ ഫഹദ് ഫാസിലാണ് വിനീതിന്റെ ചിത്രത്തിലെ നായകനെന്നാണ് കേള്‍ക്കുന്നത്. നായികമാരെയോ മറ്റ് അഭിനേതാക്കളയോ തീരുമാനിച്ചിട്ടില്ല. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ വേഗം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിനീത് കുമാര്‍. ഫഹദ് ഫാസിലിനാകട്ടെ മണിയറയിലെ ജിന്ന്, ഇയൂബിന്റെ പുസ്തകം, വമ്പത്തി, കാര്‍ട്ടൂണ്‍, ശിവഗംഗ സിനിമാ ഫാക്ടറി, മണിരത്‌നം തുടങ്ങി നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ കരാറൊപ്പിട്ടിട്ടുമുണ്ട്.


Click it and Unblock the Notifications











