തിരയില്‍ വിനീത് നായകനാക്കുന്നത് സഹോദരനെ?
താന്‍ നല്ലൊരു സംവിധായകനാണെന്നകാര്യം വിനീത് ശ്രീനിവാസന്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. ആദ്യ സംവിധാനസംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മികച്ച ചിത്രമെന്ന പ്രശംസ നേടുകയും ചെയ്തിരുന്നു. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടായിരുന്നു വിനീത് മലര്‍വാടി തയ്യാറാക്കിയത്.
പിന്നീട് രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍മറയത്തും ഹിറ്റാക്കി മാറ്റാന്‍ വിനീതിന് കഴിഞ്ഞു. സാധാരണമായ ഒരു പ്രണയകഥ മനോഹരമായി പറയുകയായിരുന്നു തട്ടത്തിന്‍മറയത്തിലൂടെ. മലര്‍വാടിയും തട്ടത്തിന്‍മറയത്തും സാധാരണച്ചിത്രങ്ങളായിരുന്നു. ഇനി തീര്‍ത്തും വ്യത്യസ്തമായ വഴിയിലേയ്ക്കാണ് വിനീത് സഞ്ചരിക്കുന്നത്. എക്കാലത്തെയും തന്റെ പ്രിയപ്പെട്ട ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടൊരു ചിത്രമെടുക്കാന്‍ പോവുകയാണ് താനെന്ന് വിനീത് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

തന്റെ ബ്ലോഗിലൂടെയാണ് വിനീത് തിരയുടെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്റെ സഹോദരനായ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കാനാണ് വിനീതിന്റെ തീരുമാനമെന്നാണ് സൂചന. നായിക ഒരു പഴയനടിയായിരിക്കുമെന്നും സൂചനയുണ്ട്. എന്തായാലും ഒട്ടേറെ പുതുമകളോടെയാണ് വിനീത് തന്റെ ആദ്യ ത്രില്ലര്‍ ഒരുക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
ശ്രീനിവാസന്റെ രണ്ടാമത്തെ മകനായ ധ്യാന്‍ ഉടന്‍ അരങ്ങേറ്റം നടത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിനീതിന് സംഗീതത്തിലും സംവിധാനത്തിലുമാണ് താല്‍പര്യമെങ്കില്‍ ധ്യാനിന് അഭിനയത്തില്‍ത്തന്നെയാണ് കൂടുതല്‍ താല്‍പര്യം. എന്തായാലും ചേട്ടന്റെ പടത്തിലൂടെയുള്ള അനിയന്റെ അരങ്ങേറ്റം മോശമാവില്ലെന്ന് വിചാരിയ്ക്കാം.


Click it and Unblock the Notifications