നിന്റെ പടം ഞാന്‍ കാണാം! എന്റെത് നീയും കാണണമെന്ന് അല്‍ഫോണ്‍സിനോട് വിനീത്
നേരം,പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ആദ്യ ചിത്രം ഹിറ്റായിരുന്നെങ്കില്‍ രണ്ടാമത്തെ ചിത്രം മെഗാഹിറ്റാക്കി മാറ്റാന്‍ അല്‍ഫോണ്‍സിന് സാധിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായിട്ടായിരുന്നു അല്‍ഫോണ്‍സ് നേരം ഒരുക്കിയിരുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും നിവിന്‍പോളിയെ നായകനാക്കിയായിരുന്നു അല്‍ഫോണ്‍സ് ഒരുക്കിയത്. പ്രേമത്തിനു ശേഷം അല്‍ഫോണ്‍സ് നിര്‍മ്മാതാവാകുന്ന പുതിയ ചിത്രമാണ് തൊബാമ. നവാഗതനായ മൊഹ്‌സിന്‍ കാസിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് തൊബാമ. പ്രേമത്തില്‍ നിവിന്‍പോളിക്കൊപ്പം എത്തിയ സിജു വില്‍സണ്‍,കൃഷ്ണ ശങ്കര്‍,ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളാണ് തൊബാമയിലും പ്രധാന വേഷങ്ങളിലെത്തുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കല്‍ ഫിലിംസിന്റെയും ബാനറില്‍
അല്‍ഫോണ്‍സ് പുത്രനും സുകുമാരന്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് തൊബാമ നിര്‍മ്മിച്ചിരിക്കുന്നത്. ടിവി അശ്വതിയും മൊഹ്‌സിന്‍ കാസിമും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പുതുമുഖ നടി പുണ്യ എലിസബത്താണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും തൊബാമയെന്നാണ് അറിയുന്നത്. രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, റാഫി, ശബരീഷ് വര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേമത്തിലെ ഹിറ്റ് പാട്ടുകള്‍ ഒരുക്കിയ രാജേഷ് മുരുകേശന്‍ തന്നെയാണ് തൊബാമയ്ക്കു വേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും പാട്ടിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. 'പായുന്നേ മെല്ലെ' എന്നു തുടങ്ങുന്ന ചിത്രത്തിലെ ഒരു ട്രിപ്പ് സോങ്ങായിരുന്നു പുറത്തിറങ്ങിയിരുന്നത്. ചിത്രം നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്. തൊബാമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നിര്‍മ്മാതാവായ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

സിനിമ നാളെ പുറത്തിറങ്ങുകയാണ് എന്ന വിവരം പ്രേക്ഷകരെ അറിയിച്ചുകൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റിട്ടിരുന്നത്. അല്‍ഫോണ്‍സിന്റെ പോസ്റ്റിന് സുഹൃത്തും നടനുമായ വിനീത് ശ്രീനിവാസന്‍ നല്‍കിയ കമന്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തൊബാമയ്ക്ക് ആശംസകള്‍ അറിയിച്ച് 'നിന്റെ പടം ഞാന്‍ കാണും എന്റെ പടം നീയും കാണണേ'എന്ന് പറഞ്ഞാണ് വിനീത് കമന്റിട്ടിരിക്കുന്നത്. വിനീതിനോട് 'നമ്മളു സെയിം ടീമല്ലേ' എന്നു പറഞ്ഞ് അല്‍ഫോണ്‍സ് പുത്രനും തിരിച്ച് കമന്റ് ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ അരവിന്ദന്റെ അതിഥികളും തൊബാമയ്‌ക്കൊപ്പം നാളെയാണ് തിയ്യേറ്ററുകളിലെത്തുന്നത്. എതായാലും രണ്ടു ചിത്രങ്ങളും ഞങ്ങള്‍ കാണുമെന്നാണ് ഇവരുടെ സൗഹൃദ സംഭാഷണത്തിനിടയില്‍ അരാധകര്‍ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications