തണ്ണീര്‍മത്തനു ശേഷം ദിലീഷ് പോത്തനൊപ്പം വിനീത് ശ്രീനിവാസന്‍! ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ചിത്രം
നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാവുന്നു. മഹേഷിന്റെ പ്രതികാരം,തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഒരുക്കുന്ന സിനിമയിലാണ് വിനീത് മുഖ്യ വേഷത്തില്‍ എത്തുന്നത്.
കുമ്പളങ്ങി നൈറ്റ്‌സിന്റെ വന്‍വിജയത്തിന് ശേഷം ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്. തങ്കം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും അറിയുന്നു. ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കരന്‍ ടീം തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്.

നവംബറില്‍ പാലക്കാട് വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും അറിയുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വന്‍ വിജയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മറ്റൊരു ചിത്രം കൂടി വരുന്നത്. തണ്ണീര്‍മത്തന് ശേഷം മനോഹരം എന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്.
ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. മനോഹരത്തിന് പുറമെ ഒരിടവേളയ്ക്കു ശേഷം സംവിധായകനായും നടന്‍ തിരിച്ചെത്തുന്നുണ്ട്. അതേസമയം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ രവി പത്മനാഭന്‍ എന്ന കഥാപാത്രം വിനീത് ശ്രീനിവാസന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടായിരുന്നു നടന്‍ സിനിമയില്‍ എത്തിയിരുന്നത്.


Click it and Unblock the Notifications











