»   » വിനീത് ശ്രീനിവാസന്‍ വിവാഹിതനായി

വിനീത് ശ്രീനിവാസന്‍ വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്ര നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് പ്രണയസാഫല്യം. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങിലാണ് പ്രണയസഖി ദിവ്യയുടെ കഴുത്തില്‍ വിനീത് മിന്നുചാര്‍ത്തിയത്.

Vineeth Sreenivasan

സംവിധായകരായ ലാല്‍ ജോസ്, ഹരിഹരന്‍, നടന്മാരായ ജഗദീഷ്, സുധീഷ്, സി.വി.ബാലകൃഷ്ണന്‍, നിവിന്‍ പോളി, നടി സംവൃതാ സുനില്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചലച്ചിത്രതാരങ്ങള്‍ക്കായി 20ന് എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. മധുവിധു ആഘോഷത്തിനായി വിനീതും ദിവ്യയും അടുത്തമാസം മൗറീഷ്യസിലേക്ക് പറക്കും.

പയ്യന്നൂര്‍ സ്വദേശി ജി നാരായണന്റെയും ഉഷയുടെയും മകളാണ് ദിവ്യ. ചെന്നൈയിലെ കെ.സി.ജി. കോളജ് ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിങ്ങിന് പഠിയ്ക്കുന്നതിനിടെ കോളെജിലെ മ്യൂസിക് ക്ലബില്‍ വച്ചാണ് ദിവ്യയും വിനീതും അടുക്കുന്നത്. 2004ല്‍ തുടങ്ങിയ പ്രണയം വീട്ടുകാരറിയുന്നത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്. വിനീത് രണ്ടാമതായി സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന്റെ വിജയത്തോടെയാണ് പ്രണയവിശേഷം ഉറ്റവര്‍ അറിയുന്നതും വിവാഹത്തിന് സമ്മതം മൂളുന്നതും.

ഇരുവീട്ടുകാരുടെയും ബന്ധുക്കള്‍ കണ്ണൂര്‍ ജില്ലയില്‍ ആയതിനാലാണ് വിവാഹം ഇവിടെ വച്ചു നടത്തിയ്ത്. ശ്രീനിവാസന്റെ വീട് തലശേരി പാട്യത്തും ദിവ്യയുടേത് പയ്യന്നൂരുമാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam