'വിനീതിന്റെ നിർബന്ധവും പ്രോത്സാഹനവും', വൈറൽ ഗാനത്തിലേക്ക് എത്തിയതിനെ കുറിച്ച് ദിവ്യ
വിനീതിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. സിനിമ റിലീസിന് മുമ്പ് തന്നെ പാട്ടുകളിലൂടെയും ടീസറുകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞു. ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയത് ദർശന എന്ന ഗാനമായിരുന്നു. ഹിഷാം ആലപിച്ച ഗാനം വലിയ തരംഗമായിരുന്നു. പ്രണവ് മോഹൻലാലും നടി ദർശന രാജേന്ദ്രനുമാണ് പാട്ടിൽ അഭിനയിച്ചിരുന്നത്. കോടിക്കണക്കിന് കാഴ്ചക്കാരെ ഇതുവരെ ഗാനം യുട്യൂബിൽ സ്വന്തമാക്കി. ചിത്രത്തിലെ ഉണക്ക മുന്തിരി എന്ന ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ദർശന എന്ന പാട്ട് പോലെ തന്നെ ഉണക്ക മുന്തിരിയും അതിവേഗം വൈറലായി. വിനീതിനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത് വിനീതിന്റെ പ്രിയ പത്നി ദിവ്യയാണ്.
നേരത്തെ ഉയർന്ന് പറന്ന് എന്നൊരു ആൽബത്തിലും സാറാസ് സിനിമയ്ക്ക് വേണ്ടിയും ദിവ്യ പിന്നണി ഗായികയായിരുന്നു. ഉണക്കമുന്തിരി ഗാനം തന്നിലേക്ക് എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദിവ്യ. ഒരു പരീക്ഷണം മാത്രമായിരുന്നു ഉണക്ക മുന്തിരി ആലാപനം എന്നാണ് ദിവ്യ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. വിനീതും ഗായകൻ ഹിഷാമും നിർബന്ധിച്ചതുകൊണ്ടാണ് അങ്ങനൊരു ഉദ്യമത്തിന് മുതിർന്നതെന്നും ദിവ്യ പറയുന്നു. വിനീതാണ് പാട്ടിന് വരികളെഴുതിയത്. ഹിഷാം ആണ് സംഗീതം നൽകിയത്. കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലുമാണ് പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്.

'പാട്ടും വരികളും ഹിറ്റായതിന്റെ എല്ലാ ക്രെഡിറ്റും ഹിഷാമിനും വിനീതിനും തന്നെയാണ്. അവർ അത്ര ക്ഷമയോടെയാണ് പാട്ട് വേണ്ട രീതിയിൽ റെക്കോർഡ് ചെയ്ത് എടുക്കുന്നത് വരെ ക്ഷമയോടെ കാത്തിരുന്നത്. എത്ര റീടേക്ക് പോകാനും ഹിഷാബ് തയ്യാറായിരുന്നു. അത്ര ആസ്വദിച്ചാണ് ഹിഷാം ഈ പാട്ട് ചെയ്തത്. അതെനിക്കും വളരെ സഹായകമായി. പിന്നെ വിനീത് റെക്കോർഡ് റൂമിൽ ഉണ്ടായിരുന്നു. അതെനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. ഹിഷാമാണ് ഉണക്കമുന്തിരി കമ്പോസ് ചെയ്ത ശേഷം വിനീതിനോട് ചോദിക്കുന്നത് എന്നെ കൊണ്ട് പാടിപ്പിച്ചാലോ എന്ന് ചോദിച്ചത്. റെക്കോർഡ് ചെയ്യുന്നതിന്റെ തലേന്നാണ് വിനീത് ഇതെന്നോട് പറയുന്നത്. നന്നായി പാടുന്ന ആരെയെങ്കിലും കൊണ്ട് പാടിപ്പിക്കാൻ ഞാൻ അവരോട് പറഞ്ഞു. ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ ഒരു പരീക്ഷണം പോലെ പാടി നോക്കാമെന്ന് വിനീത് പറഞ്ഞു. പാടിയപ്പോഴൊന്നും ഇത്ര വലയി സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ല. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഹിഷാമിനും വിനീതിനുമാണ്' ദിവ്യ പറയുന്നു.

പാട്ട് റിലീസായ ശേഷം നിരവധി പേർ അഭിപ്രായങ്ങൾ അറിയിച്ച് വിളിച്ചിരുന്നുവെന്നും അതിൽ ഏറ്റവും സന്തോഷം തോന്നിയത് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ വിളിച്ച് നന്നായിരുന്നുവെന്ന് പറഞ്ഞപ്പോഴായിരുന്നുവെന്നും ദിവ്യ പറയുന്നു. 'പലരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ ഏറ്റവും സ്‌പെഷ്യലായി തോന്നിയത് സുചിയാന്റിയുടെ കോളാണ്. ലാലങ്കിളിന് ഈ പാട്ട് ഏറെ ഇഷ്ടമായെന്നും അദ്ദേഹം അത് ഇടക്കിടെ പാടി നടക്കുന്നുണ്ടെന്നും സുചിയാന്റി പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി അത് കേട്ടപ്പോൾ. ഞാനത്ര വലിയ ഗായിക അല്ല. അധികം എക്‌സ്പീരിയൻസും ഇല്ല. പക്ഷേ നമ്മൽ പാടിയ പാട്ട് ലാലേട്ടനൊക്കെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നി' ദിവ്യ പറഞ്ഞു. ദിവ്യ പാട്ട് പാടുന്ന കുഞ്ഞ് വീഡിയോകൾ മുമ്പും സോഷ്യൽമീഡിയ വഴി വിനീത് പങ്കുവെച്ചിരുന്നു.
Recommended Video

ഇതുവരെ പാടിയ പാട്ടുകളൊന്നും താൻ പ്ലാൻ ചെയ്ത് പാടിയതല്ലെന്നും 'ഉയർന്ന് പറന്ന്' എന്ന ആൽബമാണ് നേരത്തെ കൂട്ടി പ്ലാൻ ചെയ്ത് ആലപിച്ചതെന്നും ദിവ്യ പറയുന്നു. 'ഇങ്ങനെയൊരു പാട്ട് ഞാൻ എഴുതി കമ്പോസ് ചെയ്യുന്നുണ്ട് അത് നീ പാടണമെന്ന് വിനീത് ആവശ്യപ്പെടുകയായിരുന്നു. ഒട്ടും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ വിനീതിന്റെ പ്രോത്സാഹനത്തിലാണ് ഞാൻ ആ പാട്ട് പാടിയത്. സാറാസിൽ ഞങ്ങൾ ഒന്നിച്ച് പാടിയ പാട്ട് ജൂഡിന്റെയും ഷാനിന്റെയും തീരുമാനമായിരുന്നു. അവിടെയും വിനീതാണ് പ്രോത്സാഹിപ്പിച്ച് പാടിപ്പിച്ചത്. ഉണക്കമുന്തിരിയും വിനീതിന്റെ പ്രോത്സാഹനം കൊണ്ടാണ് ഞാൻ പാടിയത്' ദിവ്യ പറയുന്നു.


Click it and Unblock the Notifications