വിനീത് നിത്യ മേനോന്റെ അച്ഛനാകുന്നു
കൊച്ചി: മക്കളുടെ പ്രായത്തിലുള്ള നടിമാരെ നായികമാരാക്കി സൂപ്പര്‍സ്റ്റാറുകള്‍ അഭിനയിക്കുന്ന കാലത്ത് നടന്‍ വിനീത് തീര്‍ത്തും വ്യത്യസ്തമായ ഒരു റോള്‍ സ്വീകരിച്ചിരിക്കുകയാണ്. യുവനടി നിത്യാമേനോന്റെ അച്ഛനായാണ് പുതിയ സിനിമയിലെ വിനീതിന്റെ വേഷം. പ്രശസ്ത സംവിധായകനായ കമലിന്റെ മകന്‍ ജൂനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഒഫ് ലൗവില്‍ ആണ് വിനീത് നിത്യമേനോന്റെ അച്ഛനാകുന്നത്.
അഭിനയ പ്രാധാന്യമുള്ള ഏതു വേഷവും ഏറ്റെടുക്കാന്‍ മടികാണിക്കാത്ത വ്യക്തിയാണ് വിനീത്. അതുകൊണ്ടുതന്നെ നായകനായിരിക്കുമ്പോള്‍ തന്നെ വില്ലനാകാനും വിനീത് മടികാണിക്കാറില്ല. നൃത്തത്തിലൂടെ അഭിനയരംഗത്തെത്തി, ഒട്ടേറെ ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ മറക്കാത്ത വേഷം ചെയ്തിട്ടുണ്ട് വിനീത്. നല്ല കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ സിനിമകള്‍ക്കു ശേഷം ദുല്‍ഖറും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് 100 ഡെയ്‌സ് ഓഫ് ലവിന്. ശേഖര്‍ മേനോന്‍, രാഹുല്‍ മാധവ്, അജു വര്‍ഗീസ്, ഗ്രിഗറി, പ്രവീണ, ശശീന്ദ്ര വര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സംവിധായകന്‍ തന്നെ തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ ആരംഭിച്ചു. ഐശ്വര്യാ സ്‌നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് ആണ് ചിത്രത്തിന്റെ നിര്‍മാണം. ആന്‍ മെഗാ മീഡിയ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, എം.ആര്‍. വിപിന്‍, രാജീവ് നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണമിടുന്നത് ഗോവിന്ദ് മേനോന്‍ ആണ്.


Click it and Unblock the Notifications











