റമദാൻ മാസത്തിൽ ഇങ്ങനെ ഡാൻസ് ചെയ്യല്ലേ; പൂർണ ഗർഭിണിയും; ഷംനയുടെ ഡാൻസ് വീഡിയോയ്ക്ക് താഴെ ആരാധകർ
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഡാൻസ് വേദികളിൽ നിറഞ്ഞ് നിന്ന ഷംന മലയാളത്തിൽ ചെയ്ത സിനിമകൾ കുറവാണ്. എന്നാൽ ഡാൻസിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തി നേടാൻ ഷംനയ്ക്ക് കഴിഞ്ഞു. സിനിമാ നടിയായി നടിയെ സ്വീകരിച്ചത് തെലുങ്കും തമിഴകവുമാണ്. നായികയായും സഹനടിയായുമെല്ലാം ഷംന ഈ ഭാഷകളിൽ അഭിനയിച്ചു. റിയാലിറ്റി ഷോകളിൽ വിധി കർത്താവായും നടി എത്തി. മറുഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.
ദസറയാണ് ഷംനയുടെ പുതിയ സിനിമ. നാനിയും കീർത്തി സുരേഷുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലും ഷംനയ്ക്കിത് സന്തോഷങ്ങളുടെ കാലമാണ്. കഴിഞ്ഞ വർഷമാണ് നടി വിവാഹം കഴിച്ചത്. ദുബായിലെ ബിസിനസ്കാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ഇരുവരും ദുബായിലെ ഒരു പ്രോഗ്രാമിനിടെ കണ്ട് സൗഹൃദത്തിലാവുകയായിരുന്നു.
വിവാഹത്തിന് ശേഷം താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഷംന ആരാധകരെ അറിയിച്ചു. പിന്നാലെ പല അഭ്യൂഹങ്ങളും വന്നു. നടി ഒമ്പത് മാസം ഗർഭിണിയാണിപ്പോൾ. വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടേയുള്ളൂ എന്ന് പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു. ഇതോടെ ഇക്കാര്യത്തിൽ ഷംന തന്നെ വ്യക്തത വരുത്തി. നിക്കാഹ് കഴിഞ്ഞ ശേഷം താനും ഷാനിദും ലിവിംദ് ടുഗെദറിൽ ആയിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്.

ഇപ്പോഴിതാ ഷംന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നടിയുടെ പുതിയ സിനിമ ദസറയിലെ ഗാനത്തിന് ഡാൻസ് ചെയ്യുന്ന വീഡിയോയായിരുന്നു ഇത്. ഇത്രയും മികച്ച സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സിനിമയുടെ ആഘോഷങ്ങൾ മിസ് ചെയ്യുന്നെന്നും ഷംന വീഡിയോയ്ക്കൊപ്പം കുറിച്ചു.
എന്നാൽ കമന്റ് ചെയ്തവരിൽ ഭൂരിഭാഗവും ശ്രദ്ധിച്ചതും ഇതൊന്നുമല്ല. പൂർണ ഗർഭിണിയായിരിക്കുമ്പോഴാണോ ഡാൻസെന്നാണ് പലരുടെയും ചോദ്യം. കുഞ്ഞിന്റെ കാര്യം ശ്രദ്ധിക്കൂയെന്നും പലരും കമന്റ് ചെയ്തു. റമദാൻ മാസത്തിലാണോ ഡാൻസെന്നാണ് മറ്റ് ചിലരുടെ ചോദ്യം. മാഡം ഈ മാസം സമാധാനത്തിന്റെ റമദാൻ മാസമാണ്. ദയവായി പാട്ടുകളോ ഡാൻസ് വീഡിയോകളോ പങ്കുവെക്കാതിരിക്കൂ, നിങ്ങളോട് അപേക്ഷിക്കുകയാണെന്നാണ് ഒരാളുടെ കമന്റ്. കമന്റുകൾക്കൊന്നും ഷംന മറുപടി നൽകിയിട്ടില്ല.

യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷംന തന്റെ വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. വിവാഹ ആലോചനകൾ നാളുകളായി നടക്കുന്നുണ്ടായിരുന്നു. കുടുംബക്കാരിൽ തന്റെ വിവാഹമാണ് ഏറെ വൈകിയത്. രണ്ട് വീട്ടുകാരുടെയും പിന്തുണയോടെ വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്നും ഷംന അന്ന് വ്യക്തമാക്കി. നിലവിൽ ഭർത്താവിനൊപ്പം ദുബായിലാണ് ഷംനയുള്ളത്.
കുഞ്ഞ് ജനിച്ച ശേഷമേ ഇനി നാട്ടിലേക്കുള്ളൂ എന്ന് നടി നേരത്തെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കിയിരരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷവും ഗർഭിണിയായ ആദ്യ മാസങ്ങളിലും നടി റിയാലിറ്റി ഷോകളിൽ ജഡ്ജായെത്തിയിരുന്നു. ബേബി ഷവർ ചടങ്ങ് നടത്തിയ ശേഷമാണ് നടി നാട്ടിൽ നിന്നും ദുബായിലേക്ക് പോയത്.
മലയാളത്തിൽ ചട്ടക്കാരി എന്ന സിനിമയിലാണ് നടി ശ്രദ്ധേയ വേഷം ചെയ്തത്. സിനിമയിലെ കേന്ദ്ര കഥാപാത്രം ഷംനയായിരുന്നു. പിന്നീട് ഇതേപോലുള്ള സിനിമകൾ മലയാളത്തിൽ നിന്നും ഷംനയ്ക്ക് ലഭിച്ചില്ല. അതേസമയം തെലുങ്കിൽ ശ്രദ്ധേയ വേഷങ്ങൾ നടിക്ക് ലഭിച്ചു. അമ്മയാവാൻ പോവുന്ന ഷംനയ്ക്ക് ആശംസകളുമായി നിരവധി പേർ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം 9 മാസം ഗർഭിണിയായതിന്റെ ചെറിയൊരു ചടങ്ങും ഷംനയുടെ വീട്ടിൽ നടന്നിരുന്നു. 9 പലഹാരങ്ങളുണ്ടാക്കിയാണ് ഷംന ഇത് ആഷോഷിച്ചത്.


Click it and Unblock the Notifications