മടുത്തിട്ട് വിട്ടതാണ്, പൃഥ്വിരാജിനടുത്ത് കഥയുമായി പോയപ്പോൾ; മസിൽ കാണിക്കുന്ന പടം മതിയെന്ന് ആ നടൻ: വിജു വർമ
വിവാദങ്ങളുടെ നടുവിലാണ് നടൻ പൃഥ്വിരാജ്. കാത്തിരിപ്പിനൊടുവിൽ എമ്പുരാൻ റിലീസ് ചെയ്തപ്പോൾ വിജയത്തിളക്കത്തിനൊപ്പം വിവാദങ്ങളും താരത്തെ തേടി വന്നു. കേരളത്തിൽ ഇത്രയധികം രാഷ്ട്രീയ വിവാദമായ സിനിമ അടുത്ത കാലത്തൊന്നും വന്നിട്ടില്ല. അതേസമയം മികച്ച കലക്ഷൻ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 250 കോടിയിലേക്ക് അടുക്കുകയാണ് എമ്പുരാന്റെ കലക്ഷൻ. എമ്പുരാന്റെ സംവിധാനത്തിനിടയിലും പൃഥ്വിരാജിന്റെ പല സിനിമകളും റിലീസ് ചെയ്തിട്ടുണ്ട്.
തുടരെ സിനിമകൾ ചെയ്യുന്ന മലയാളത്തിലെ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. തിരക്ക് കാരണം പല ഫിലിം മേക്കർസിനും പൃഥ്വിരാജിനെ എപ്പോഴും സമീപിക്കാനും പറ്റില്ല. പൃഥ്വിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ വിജു വർമയിപ്പോൾ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ഓടും രാജ ആടും റാണി എന്ന സിനിമയ്ക്ക് ശേഷം ഒരു സബ്ജക്ട് തയ്യാറാക്കിയിരുന്നു. എനിക്ക് വേണ്ടി റെെറ്റർ വിനു എബ്രഹാം എന്റെ സബ്ജക്ട് പൃഥിരാജിനോട് പറഞ്ഞു. സബ്ജക്ട് കേട്ടപ്പോൾ തന്നെ പുള്ളി ഓക്കെ പറഞ്ഞു. എഴുതിക്കോളൂ, എന്ന നിലയ്ക്ക്. അത് വിനു എബ്രഹാം എബ്രഹാം എന്നോട് എക്സെെറ്റഡായി വിളിച്ച് പറഞ്ഞു. എന്നാൽ വരാൻ വെെകി. രണ്ട് വർഷമായി. അതിനിടയ്ക്ക് കമ്മ്യൂണിക്കേഷൻ നടക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും പൃഥ്വിരാജ് കൂടുതൽ തിരിക്കിലായിരിക്കാം. പല സ്ഥലത്തും നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു.
ഇത് നീണ്ട് പോയപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന മടുപ്പിൽ ഞാൻ അതങ്ങ് വിട്ടു. ആ സബ്ജക്ടും കൊണ്ട് പുതിയ നടൻമാരുമായി വരെ ഞാൻ സംസാരിച്ചു. ഒരു ആർട്ടിസ്റ്റിനോട് സബജ്ക്ട് പറയാൻ എന്തൊരു പാടാണ്. അവർക്ക് സമയമില്ലെന്നത് ഓക്കെ. അവർക്ക് ക്രിയേറ്റീവായ ഒരാളെ വെച്ച് കൂടേയെന്ന് വിജു വർമ ചോദിക്കുന്നു. അറിയപ്പെടുന്ന ഒരു ആർട്ടിസ്റ്റിനോട് ഫോണിൽ സംസാരിച്ചു. പേര് പറയുന്നില്ല. എനിക്ക് ഇടിപ്പടങ്ങളാണ് ഇഷ്ടം, എന്റെ മസിലൊക്കെ കാണിക്കുന്ന പടങ്ങളാണിഷ്ടം എന്ന് പറഞ്ഞു. സോറ, ഇത് ആ ടെെപ്പ് പടമല്ലെന്ന് ഞാൻ പറഞ്ഞു. ശരി, ബെെ എന്ന് ആ ആർട്ടിസ്റ്റ് പറഞ്ഞെന്നും വിജു വർമ ഓർത്തു.
ഓടും രാജ ആടും റാണിയാണ് വിജു വർമ സംവിധാനം ചെയ്ത സിനിമ. ടിനി ടോം, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. ചിത്രത്തിൽ ടിനി ടോം നായകനായത് കാരണം പല നായികമാരും സിനിമ നിരസിച്ചെന്നാണ് വിജു വർമ പറയുന്നത്. പ്രിയാമണി സിനിമ നിരസിച്ചതിനെ വിജു വർമ വിമർശിക്കുന്നുണ്ട്. പ്രിയാമണിക്ക് കഥ ഇഷ്ടമായതാണ്.
പ്രതിഫലക്കാര്യവും മറ്റും സംസാരിക്കാൻ നടിയുടെ വീട്ടിൽ. ടിനി ടോമാണ് നായകനെന്ന് അറിഞ്ഞതോടെ പ്രിയാമണി സിനിമ നിരസിച്ചു. നടി ചെയ്തത് തെറ്റാണെന്നും വിജു വർമ വിമർശിക്കുന്നു. നല്ല സംവിധായകർ ഉപയോഗിച്ചാൽ ടിനി ടോം മികച്ച നടനാണ്. പക്ഷെ ഒരുപാട് വിസിബിലിറ്റി വരുന്നത് നടനെ കരിയറിൽ ബാധിക്കുന്നുണ്ടെന്നും വിജു വർമ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications