ആ തന്റേടിയെയാണ് എനിക്കിഷ്ടം; മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഇഷ്ടപ്പെട്ട വേഷത്തെ കുറിച്ച് അച്ഛന്‍
ഈ ലോക്ക് ഡൗണ്‍ കാലത്തും മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആരാധകര്‍ തങ്ങള്‍ക്ക് കഴിയുന്നത് പോലെയൊക്കെ ആഘോഷിച്ചിട്ടുണ്ട്. സെലിബ്രിറ്റികളും അല്ലാത്തവരുമൊക്കെ ലാലേട്ടന് ആശംസകളുമറിയിച്ച് എത്തി. ഒപ്പം അഭിനയിച്ച അനുഭവങ്ങളെ കുറിച്ചും മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ചും അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ പലരും വാചാലരായി. എണ്ണിയാല്‍ തീരാത്തത്രയും നല്ല കഥാപാത്രങ്ങള്‍ ലാല്‍ അഭിനയിച്ച് അവിസ്മരണീയമാക്കിയതിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവില്ല. ചെയ്ത കഥാപാത്രങ്ങള്‍ ഓരോന്നും ഓരോ കാരണങ്ങളാല്‍ ആരാധകരുടെ മനസ്സില്‍ പതിഞ്ഞവയാണ്. അതിലേത് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ അല്പം കുഴയും.
എന്നാല്‍ മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരോട് ചോദിച്ചാല്‍ അധികമൊന്നും അദ്ദേഹത്തിന് ആലോചിക്കേണ്ടി വരില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു അഭിമുഖത്തില്‍ മകന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ച് വിശ്വനാഥന്‍ നായര്‍ പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലൂടെയാണ് വീഡിയോ പുറത്തു വന്നത്.

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയാണത്രെ മകന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ആ അച്ഛന് ഏറ്റവും ഇഷ്ടം. മുണ്ടൊക്കെ മടക്കി കുത്തി മീശയൊക്കെ പിരിച്ച് വരുന്ന കഥാപാത്രങ്ങളില്‍ മകനെ കാണാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്നും അച്ഛന്‍ പറയുന്നു. 2007 ലാണ് അദ്ദേഹം മോഹന്‍ലാലിനെയും ഈ ലോകത്തെയും വിട്ട് പോയത്. മുന്‍പൊരിക്കല്‍ മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഇഷ്ടപ്പെട്ട വേഷം ഏതാണെന്ന് ചോദിച്ചപ്പോള്‍ ഭാര്യ സുചിത്ര പറഞ്ഞത് ചിത്രം എന്ന ചിത്രത്തിലെ വിഷ്ണുവിന്റെ പേരാണ്. 1998 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനാണ് രഞ്ജനി ചിത്രത്തില്‍ നായികയായെത്തി.
മോഹന്‍ലാലിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി ഒന്നുകൂടെ ഉറപ്പിച്ച ചിത്രമാണ് 1993 ല്‍ പുറത്തിറങ്ങിയ ദേവാസുരം. 27 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സിനിമ കാണുമ്പോള്‍ ലാല്‍ ആരാധകര്‍ക്ക് ഒരു ആവേശം തന്നെയാണ്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. രേവതിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇന്നസെന്റ് നെപ്പോളിയന്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തി. 2001 ല്‍ രഞ്ജിത്ത് തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. രാവണപ്രഭു എന്ന ചിത്രത്തില്‍ അച്ഛന്‍ നീലക്ണഠനും ഏറെ കൈയ്യടി നേടിയിരുന്നു.


Click it and Unblock the Notifications











