»   » വിശ്വരൂപത്തിന് ഭീഷണി പാലക്കാട്ട് ഷോ നിര്‍ത്തി

വിശ്വരൂപത്തിന് ഭീഷണി പാലക്കാട്ട് ഷോ നിര്‍ത്തി

Posted By:
Subscribe to Filmibeat Malayalam
തമിഴ്‌നാട്ടില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് റിലീസിംഗ് നീട്ടിവെച്ച കമല്‍ ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം കേരളത്തിലെ ബി ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി. എന്നാല്‍ ചില മുസ്ലീം സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പലയിടത്തും പ്രദര്‍ശനം നിര്‍ത്തിവച്ചു.

പാലക്കാട് ശ്രീദേവിദുര്‍ഗ തീയറ്ററിലും കോട്ടയം ഏറ്റുമാനൂരിലെ തീയറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുസ്‌ലീം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ചിറ്റൂരില്‍ പ്രദര്‍ശനം തടയാനെത്തിയ ഏഴ് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീദേവി ദുര്‍ഗ തീയറ്ററില്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവിടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇനി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമ അറിയിച്ചു.

പോലീസ് സംരക്ഷണത്തോടെയാണ് ഏറ്റുമാനൂര്‍ അലങ്കാര്‍ തീയറ്ററില്‍ രാവിലെ ഷോ നടന്നത്. 11.15 നായിരുന്നു ഷോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനു 10 മിനിറ്റ് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ രണ്ടു പേരെത്തി ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

തീവ്രവാദം പ്രമേയമാക്കി കമല്‍ഹാസന്‍ ബിഗ്ബജറ്റില്‍ ഒരുക്കിയ വിശ്വരൂപത്തിനെതിരെ മുസ്‌ലീം സംഘടനങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ചിത്രത്തിന്റെ റിലീംസിംഗ് തടഞ്ഞത്.

ഇതിനെതിരേ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച ജഡ്ജി ചിത്രം കണ്ട ശേഷമാകും പ്രദര്‍ശനാനുമതി നല്‍കണോയെന്ന് തീരുമാനിക്കുക. അതിനിടെ ചിത്രത്തിന്റെ പ്രദര്‍ശനം ഹൈദരാബാദിലും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. ആന്ധ്ര ആഭ്യന്തരമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയുടെ നിര്‍ദേശമനുസരിച്ചാണ് പോലീസ് പ്രദര്‍ശനം തടഞ്ഞത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam