»   » വിശ്വരൂപം: തിയറ്റര്‍ ഉടമകളുടെ സംഘടന പിളര്‍ന്നു

വിശ്വരൂപം: തിയറ്റര്‍ ഉടമകളുടെ സംഘടന പിളര്‍ന്നു

Posted By:
Subscribe to Filmibeat Malayalam

വിവാദരൂപമായി മാറിയ കമലഹാസന്‍ ചിത്രം വിശ്വരൂപത്തിന്റെ പേരില്‍ ബി,സി ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ പിളര്‍പ്പ്. എതിര്‍പ്പ് അവഗണിച്ച് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഔദ്യാഗിക പക്ഷം തീരുമാനിച്ചു. തിയേറ്ററിലെത്തുന്നതിന് മുമ്പുള്ള ഡി.ടി.എച്ച്. റിലീസില്‍ പ്രതിഷേധിച്ച് എ ക്ലാസ് തീയേറ്റര്‍ ഉടമകള്‍ പ്രദര്‍ശനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെ പിന്തുണച്ച് സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെ ഒരു വിഭാഗം രംഗത്തെത്തിയതാണ് പിളര്‍പ്പിന് കാരണമായത്.

ഡി.ടി.എച്ച് വഴി റിലീസ് ചെയ്യുന്ന ചിത്രം ചിത്രം പ്രദര്‍ശനത്തിനെടുക്കുന്നത് തീയേറ്ററുകളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ പുതിയ സംവിധാനങ്ങളോട് മുഖം തിരിക്കാനില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കി. വിശ്വരൂപത്തിന്റെ ഡി.ടി.എച്ച്. റിലീസ് തീയേറ്ററുകളുടെ വരുമാനത്തെ ബാധിക്കില്ലെന്ന് ഇവര്‍ പറയുന്നു.

രൂക്ഷമായ വാക് തര്‍ക്കം ഒരുഘട്ടത്തില്‍ കയ്യാങ്കളിയിലേക്കും നീങ്ങി. ഒടുവില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് വിശ്വരൂപം പ്രദര്‍ശിപ്പിയ്ക്കാന്‍ ഭൂരിപക്ഷം അംഗങ്ങളും തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് സംഘടനയില്‍നിന്ന് പിന്മാറുകയാണെന്ന് വിമത പക്ഷവും വ്യക്തമാക്കി.

200ഓളം തീയേറ്ററുകളുള്ള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെ 20 തിയേറ്ററുകളാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഇതുവരെ കരാറൊപ്പിട്ടത്. 80ഓളം തീയേറ്ററുകള്‍ പ്രദര്‍ശനാനുമതി തേടുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ജനുവരി 11നാണ് ചിത്രം തീയേറ്ററുകളിലെത്തുക. അതിന് മുന്നോടിയായി വ്യാഴാഴ്ച രാത്രി 9.30ന് ഡി.ടി.എച്ച്. വഴി പ്രദര്‍ശിപ്പിക്കും. ഇതില്‍ പ്രതിഷേധിച്ച് ചിത്രം ബഹിഷ്‌ക്കരിയ്ക്കാന്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും എ ക്ലാസ് തീയേറ്റര്‍ ഉടമകളും തീരുമാനിച്ചിട്ടുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam