പുതപ്പിനുള്ളില്‍ വെറും രണ്ട് കഥാപാത്രങ്ങള്‍
ഒരു ലൊക്കേഷനില്‍ രണ്ട് കഥാപാത്രം മാത്രം ആയാലോ? അങ്ങനെ ഒരു ചിത്രം നിര്‍മ്മിച്ചാല്‍ ഒരു ചിത്രം പൂര്‍ത്തിയാകുമോ? അങ്ങനെ ഒരു ചിത്രം കാണാന്‍ നിങ്ങള്‍ തയ്യാറാണോ? എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉത്തരം ഉണ്ട്. അങ്ങനെ ഒരു രംഗത്തിന് തിരശ്ശീല ഉയര്‍ന്നു കഴിഞ്ഞു. വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന ഒരു ഫീച്ചര്‍ സിനിമ ആണ് പുതപ്പ്. പുതപ്പ് എന്ന പേരില്‍ പോലും വ്യത്യസ്ഥത നിലനിര്‍ത്തി കൊണ്ടാണ് ചിത്രത്തിന്റെ യാത്ര. 90 മിനിറ്റില്‍ കഥ പറഞ്ഞു പോകുന്ന ചിത്രം തികച്ചും ഒരു ന്യൂ ജനറേഷന്‍ ചിത്രം എന്നു തന്നെ പറയാം.
ചിത്രത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ മാത്രം. കേള്‍ക്കുമ്പോള്‍ ബോറായി തോന്നുന്നുണ്ടെങ്കിലും സിനിമ വ്യത്യസ്തമായ ഒന്ന് പ്രേക്ഷകരില്‍ എത്തിക്കുമെന്നാണ് സംവിധായകന്റെ അവകാശവാദം. വാള്‍ട്ടര്‍ ഡിക്രൂസ് ഇതിലെ കഥാപാത്രങ്ങള്‍ക്ക് പേരൊന്നും ഇട്ടിട്ടില്ല. കഥാപാത്രങ്ങള്‍ക്ക് പേരില്ലെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ചിത്രകാരനും മോഡലും തമ്മിലുള്ള ബന്ധത്തിന്റെയും ജീവിത പശ്ചാത്തലത്തിന്റെയും കഥ ആണ് പുതപ്പിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്.

ഒരു വേളയില്‍ തികച്ചും യാഥാര്‍ത്ഥ്യവും മറ്റൊരു വേളയില്‍ ഒരു സാങ്കല്‍പ്പിക ലോകത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന സിനിമ ആവും പുതപ്പ്. ഒരു സ്വപ്‌നം കണ്ട് ഉണരുന്ന പ്രതീതിയായിരിക്കും സിനിമ കണ്ടിറങ്ങുമ്പോള്‍ എന്നും പറയാം. ചിത്രത്തില്‍ ഒരു ഔട്ട്‌ഡോര്‍ ലൊക്കേഷനും ഇല്ല. ടെലിവിഷന്‍ സ്‌ക്രീന്‍ വഴി ആണ് മറ്റ് കാഴ്ചകളെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്നും സംവിധായകന്‍ പറയുന്നു.
നിധി സിങ്, ഷാജഹാന്‍ എന്നീ രണ്ട് പുതുമുഖങ്ങള്‍ ആണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി ജയന്റെ ക്യാമറയിലൂടെ ആണ് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്. ആനന്ദ് മേട്ടുങ്കല്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. വ്യത്യസ്ത കാഴ്ചയും ആയി പുതപ്പ് വൈകാതെ തിയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications