ഡബ്ല്യൂസിസിയിൽ നിന്ന് കുടുതൽ പേർ പുറത്ത്? അമ്മയ്ക്കെതിരെ നിലപാട് കടുപ്പിച്ച് നടിമാർ...
നിലാപാട് കടുപ്പിച്ച് വനിത സംഘടന രംഗത്തെത്തിയിരിക്കുകയാണ്.
നടിയ്ക്ക് നേരെയുണ്ടായ അക്രമത്തെത്തിനു പിന്നാലെ മലയാള സിനിമ സംഘടനയിൽ നിന്ന് അത്ര ശുഭകരമായ വാർത്തകളായിരുന്നില്ല പുറത്തു വന്നിരുന്നത്. അമ്മ പിളർപ്പിലേയ്ക്ക് നീങ്ങുന്ന ഒരു അവസ്ഥയിൽവരെ കാര്യങ്ങൾ എത്തിയിരുന്നു. നടിയെ അക്രമിച്ച കേസിൽ ആരോപണവിധേയനായ നടനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട മലയാള സിനിമയിലെ വനിത കൂട്ടായ്മ താരസംഘടയായ അമ്മയോട് അവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് നാളുകൾ കഴിഞ്ഞിട്ടും വിഷയത്തിൽ ഒരു നീക്കുപോക്കും ഉണ്ടായിരുന്നില്ല.
മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയ്ക്ക് മുൻപാകെയാണ് ഡബ്ല്യൂസിസി ഈ അവശ്യം ഉന്നയിച്ചത്. എന്നാൽ ഈ വിഷയം അമ്മയിൽ അധികം ചർച്ചയായിരുന്നില്ല. മോഹൻലാലിന്റെ നേതൃത്വത്തിലുളള ആദ്യ ജനറൽബോഡി യോഗമായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് തിരിച്ചെടുത്ത നടപടിയായിരുന്നു പ്രശ്നം കൂടുതൽ വഷളാക്കിയത്. ഇതിനെ തുടർന്ന് പല പ്രതിഷേധങ്ങൾക്കും സിനിമ മേഖല സാക്ഷ്യം വഹിച്ചിരുന്നു. ഇപ്പോഴിത നിലാപാട് കടുപ്പിച്ച് വനിത സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

ഡബ്ല്യൂസിസി മാധ്യമങ്ങളെ കാണും
നടിയെ ആക്രമിച്ച കേസിലെ ആരോപണ വിധേയനായ നടൻ ദിലീപിനെതിരെ സിനിമ സംഘടന നടപടി എടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് തുറന്ന പോരിനിറങ്ങി വനിത സംഘടന. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരും നാലു മണിയ്ക്ക് മാധ്യമങ്ങളെ കാണുമെന്നും ഡബ്ല്യൂസിസി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡബ്യൂസിസി യോഗം കൊച്ചിയിൽ ചേരും.

കൂടുതൽ പേർ പുറത്ത്
വിഷയത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കൂടുതൽ താരങ്ങൾ സംഘടന വിടുമെന്നും സൂചനകൾ ലഭിക്കുന്നുണ്ട്. മോഹൻലാലിന്റെ അധ്യക്ഷതയിലുള്ള ആദ്യ ജനറൽ ബോഡി മീറ്റിങ്ങിലായിരുന്നു ദിലീപിനെ വീണ്ടും തിരിച്ചെടുക്കാൻ ധാരണയായത്. അമ്മയുടെ ഈ നിലപാടിൽ പ്രതിഷേധിച്ച് രമ്യ നമ്പീശൻ, ഗീതു മോഹൻദാസ്, റിമ, ഭാവന എന്നിവർ സംഘടനയിൽ നിന്ന് പുറത്തു പോയിരുന്നു. ഇത് തെന്നിന്ത്യൻ സിനിമയിൽ തന്നെ വലിയ ചർച്ച വിഷയമായിരുന്നു. നടിമാരുടെ രാജിയിൽ അമ്മയ്ക്കെതിരെ വിരൽ ചൂണ്ടി തെന്നിന്ത്യയിലെ സിനിമ സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങി വന്നപ്പോഴാണ് നടിമാർ വീണ്ടും രംഗത്തെത്തുന്നത്.

ദിലീപ് വിഷയത്തിൽ ചർച്ചയില്ല
ഒക്ടോബർ 6 ന് മോഹൻലാലിന്റെ നേതൃത്വത്തിൽ അമ്മയോഗം കൊച്ചിയിൽ ചേർന്നിരുന്നു. യോഗത്തിൽ നടിമാരായ രേവതി, പത്മപ്രിയ , പാർവതി എന്നിവർ ദിലീപ് വിഷയത്തിൽ കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച വിഷയത്തിൽ മറുപടി ലഭിക്കണമെന്ന് നടിമാർ അന്ത്യശാസനവും നൽകിയിരുന്നു. എന്നാൽ ദിലീപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ചർച്ചയില്ലയെന്നായിരുന്നു സംഘടനയുടെ നിലപാട്.

നടിയും ദിലീപും സംഘടനയിൽ ഇല്ല
ദിലീപിനെതിരെ നടിമാർ നൽകിയ പരാതിയിൽ ഉടൻ ചർച്ചയ്ക്കില്ലെന്നുള്ള നിലപാട് അമ്മ വ്യക്തമാക്കിയിരുന്നു. കാരണം ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും ഇപ്പോൾ സംഘടനയിൽ ഇല്ല. അതിനാൽ സംഘടനയിൽ ഇല്ലാത്തവർക്ക് വേണ്ടി യോഗം ചേരേണ്ടെന്നാണ് അമ്മ എക്സിക്യൂട്ടീവിന്റെ തീരുമാനം. അതിനാൽ ഈ വിഷയം ജനറൽ ബോഡിയിൽ മാത്രമേ ചർച്ച ചെയ്യാൻ കഴിയുകയുളളുവെന്നും യോഗത്തിനു ശേഷം വ്യക്തമാക്കി.

അടുത്ത വർഷം
വർഷത്തിൽ ഒരിക്കൽ മാത്രമാണ് അമ്മയിൽ ജനറൽ ബോഡിയോഗം ചേരുന്നത്. ഇത്തവണത്തേത് ജൂൺ 24 ന് കഴിഞ്ഞിരുന്നു. ഇനി അടുത്ത വർഷം മാത്രമാണ് ജനറൽ ബോഡി ചേരുക. അടിയന്തര ജനറൽ ബോഡി കൂടണമെങ്കിൽ അമ്മയിലെ മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പിട്ട കത്ത് ലഭിക്കണം. ഇതു ശനിയാഴ്ച ചേർന്ന യോഗത്തിനു ശേഷം മോഹൻലാൽ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications