സംഘടന നേതാക്കളെ കുറിച്ചാണ് പരാതി ഉന്നയിക്കപ്പെട്ടത്; വനിതാ നിർമ്മാതാവിൻ്റെ പരാതി ഗുരുതരം; ഡബ്ല്യൂസിസി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അനുബന്ധിച്ച് ഉയര്‍ന്ന വന്ന ആരോപണങ്ങള്‍ മലയാള സിനിമയില്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രമുഖ നടന്മാര്‍ക്കെതിരെയാണ് നടിമാര്‍ ലൈംഗികാരോപണം ഉന്നയിച്ചത്. ഈ കേസും തെളിവെടുപ്പും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതിയുമായി വനിത നിര്‍മ്മാതാവ് രംഗത്ത് വന്നിരുന്നു.
തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് വനിത സിനിമ നിര്‍മാതാവ് പരാതിയുമായി എത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ക്കെതിരെയാണ് കേസ്. ഈ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഡബ്ല്യുസിസി.

ഡബ്ല്യൂസിസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ...
'സിനിമയിലെ തൊഴിലുടമകള്‍' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ തങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകള്‍. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിര്‍മ്മാതാവ് പരാതികള്‍ ഉയര്‍ത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്.
പരാതികള്‍ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തില്‍ കുറ്റാരോപിതര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. കേസിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താല്‍കാലികമായി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ പോലും ഇതുവരെ നേതാക്കന്‍മാര്‍ മെനക്കെട്ടിട്ടില്ല.
മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണല്‍ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങള്‍ക്കുള്ളില്‍ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തന്റെ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വനിതാ നിര്‍മ്മാതാവിന് പൂര്‍ണമായ ഐക്യദാര്‍ഢ്യം അറിയിക്കുന്നു.
ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന 'നിശബ്ദതയുടെ സംസ്‌കാരം' പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമാണ്...'
തന്റെ സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ യോഗത്തില്‍ വളരെ മോശമായ അനുഭവമുണ്ടായി എന്നാണ് വനിതാ നിര്‍മ്മാതാവ് ആരോപിച്ചത്. ജൂണ്‍ 25 ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. മോശമായി പെരുമാറി, സ്ത്രീത്വത്തെ അപമാനിച്ചു, എന്നീ വകുപ്പുകള്‍ പ്രകാരം ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിങ്ങനെ പത്തോളം നിര്‍മ്മാതാക്കള്‍ക്ക് എതിരെയാണ് കേസ്.


Click it and Unblock the Notifications











