twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിത്ത് ചിത്രങ്ങള്‍ക്ക് എന്തുപറ്റി

    By Nirmal Balakrishnan
    |

    രഞ്ജിത്ത് സിനിമയെന്നാല്‍ റിലീസ് ചെയ്ത ആദ്യ വാരങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്ന ഒന്നായിരുന്നു. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനും ഇന്ത്യന്‍ റുപ്പിയും സ്പിരിറ്റും റിലീസ് ചെയ്തപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ആ ചിത്രങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്ന ചിത്രം റിലീസ് ഒരാഴ്ച പിന്നിടവെ കേരളത്തിലെ മാധ്യമങ്ങളൊന്നും ആ ചിത്രത്തെ കണ്ടില്ലെന്ന ഭാവത്തിലാണ്.

    പൊതുസമൂഹത്തിലും ഒരു ചര്‍ച്ചയായി ഉയരാന്‍ ഞാനിനു കഴിഞ്ഞില്ല. അപ്പോള്‍ സ്വാഭാവികമായി ഉയരുന്നൊരു ചോദ്യമുണ്ട്. എന്തുപറ്റി രഞ്ജിത്തിന്റെ സിനിമകള്‍ക്ക്? മലയാളി പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ പറ്റാത്തതായോ രഞ്ജിത്ത് ചിത്രങ്ങള്‍?

    ranjith-director

    അങ്ങനെയൊരു ചോദ്യമുയര്‍ന്നാല്‍ അല്ല എന്ന് പെട്ടെന്നുത്തരം പറയാന്‍ കഴിയില്ല. കാരണം കഴിഞ്ഞ രണ്ടു ചിത്രങ്ങളിലൂടെ രഞ്ജിത്ത് സിനികള്‍ക്കുണ്ടാകാറുള്ള ജനസമ്മിതി നശിപ്പിച്ചു എന്നു തന്നെ പറയാം. ബാവൂട്ടിയുടെ നാമത്തില്‍ എന്ന രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രവും കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രങ്ങളുമാണ് രഞ്ജിത്ത് സിനിമകളുടെ മൂല്യം പറ്റെ തകര്‍ത്തത്.

    ഇന്ത്യ റുപ്പി എന്ന ചിത്രം എല്ലാതരം പ്രേക്ഷകരും ഇഷ്ടപ്പെട്ടൊരു ചിത്രമായിരുന്നു. ഏതുതരം പ്രേക്ഷകര്‍ക്കും രസിക്കുന്നൊരു ചിത്രം. ഒരു ജാടയുമില്ലാതെ സ്വാഭാവികമായി വളര്‍ന്നുവരുന്നൊരു കഥയായിരുന്നു അത്. എന്നാല്‍ സ്പിരിറ്റില്‍ തന്നെ രഞ്ജിത്ത് സമൂഹത്തെ ഉപദേശിച്ചു നന്നാക്കാമെന്നൊരു രീതി സ്വീകരിച്ചിരുന്നു. ഉപദേശം തീരെ ഇഷ്ടപ്പെടാത്തവരാണു മലയാളികള്‍.

    സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് ഇടക്കാലത്തു സംഭവിച്ച തകര്‍ച്ചയുടെ കാരണം മലയാളിയെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിച്ചതാണ്. രസതന്ത്രം തൊട്ടുള്ള ചിത്രങ്ങളില്‍ മലയാളിയെ ഉപദേശിക്കലായിരുന്നു സത്യന്‍ അന്തിക്കാടിന്റെ രീതി. തുടര്‍ച്ചയായി കുറേ ചിത്രങ്ങള്‍ നിലംതൊടാതെ പൊട്ടിയതോടെ അതങ്ങു നിര്‍ത്തി. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ആ ഉപദേശമൊക്കെ മാറ്റിവച്ചതായി കാണാം.

    സ്പിരിറ്റില്‍ മലയാളികളെ ഉപദേശിക്കാന്‍ ശ്രമിച്ചു. താന്‍ ചെയ്യുന്നത് ലോകോത്തര സിനിമയാണെന്നും തന്റെ സിനിമകളെ ആരും വിമര്‍ശിക്കരുതെന്നുമുള്ള ലൈന്‍ രഞ്ജിത്ത് ആ ചിത്രത്തോടെയാണ് എടുക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ താന്‍ ഒരു ഡോക്യു സിനിമയാണ് എടുത്തതെന്നും അതു മനസ്സിലാകാത്തവരാണ് വിമര്‍ശിക്കുന്നവരെന്നുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു.

    എന്നാല്‍ സ്പിരിറ്റിനു ശേഷം വന്ന രണ്ടു ചിത്രങ്ങളും അസഹനീയമായതോടെ രഞ്ജിത്ത് എന്ന പേരിനെ സംശയിച്ചു തിയറ്ററില്‍ കയറുന്ന അവസ്ഥയായി. ആ സംശയത്തോടെയാണ് ഞാന്‍ എന്ന ചിത്രം കാണാന്‍ മലയാളികള്‍ എത്തിയത്. ഈ സിനിമയിലും ബുദ്ധിജീവി ജാട അസഹനീയമായ തോതില്‍ കുത്തിക്കയറ്റിയതോടെ പലര്‍ക്കും ചിത്രം ഇഷ്ടപ്പെടാതെയായി. ദുല്‍ക്കര്‍ സല്‍മാന്‍ നന്നായി അഭിനയിച്ചു എന്നൊരു അഭിപ്രായമല്ലാതെ രഞ്ജിത്ത് നന്നായി ചെയ്‌തെന്ന് ആരും പറഞ്ഞതായി കേട്ടില്ല.

    കേരളത്തിലെ ഒരെഴുത്തുകാരനും ഈ സിനിമയെക്കുറിച്ച് നല്ലൊരു വാക്കു പറഞ്ഞില്ല. ഒരു മാധ്യമത്തിലും നല്ലൊരു റിവ്യൂപോലും വന്നില്ല. രഞ്ജിത്ത് സിനിമകള്‍ക്ക് എന്താണു പറ്റുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ. മലയാള സിനിമകളെ ജയിപ്പിക്കുന്നത് യുവാക്കളും കുടുംബങ്ങളുമാണ്. അവര്‍ രണ്ടുപേരും കയ്യൊഴിഞ്ഞാല്‍ എത്ര നല്ല സിനിമയായിട്ടും ജനങ്ങളുടെ ബോക്‌സ് ഓഫിസില്‍ വിജയം നേടില്ല. അതു മനസ്സിലാക്കാന്‍ നമ്മുടെ പല സിനിമാപ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല.

    English summary
    What happens to Ranjith's films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X