മോഹന്‍ലാലിന്റെ നേരെ വിപരീതമാണ് മമ്മൂട്ടി, കടുംപിടുത്തക്കാരന്‍, വിട്ടു കളിക്കില്ല; പുനത്തില്‍ പറഞ്ഞത്
മലയാളത്തിന്റെ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഓര്‍മയായി. സിനിമാ ലോകവുമായി അത്ര വലിയ ബന്ധമൊന്നും പുനത്തിലിന് ഇല്ല. എന്നാല്‍ സിനിമാക്കാരുമായി നല്ല അടുപ്പം 'കുഞ്ഞിക്ക' എന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള സൂക്ഷിച്ചിരുന്നു.
മുന്‍പ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുനത്തില്‍ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും അവരുമായുള്ള ബന്ധത്തെ കുറിച്ചും വാചാലനായത്. അന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

സിനിമാക്കാരുമായുള്ള ബന്ധം
സിനിമാ താരങ്ങളുമായി എനിക്ക് വലിയ ബന്ധമൊന്നുമില്ല. എംജി സോമന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. മുരളിയുമായും നല്ല ആത്മബന്ധമുണ്ടായിരുന്നു. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എനിക്കിഷ്ടമാണ്.

അവരെ കണ്ടപ്പോള്‍
എറണാകുളത്ത് മാതൃഭൂമിയുടെ നവമി ആഘോഷത്തിനിടെ അവര്‍ രണ്ട് പേരെയും ഒരുമിച്ച് കണ്ടിരുന്നു. രണ്ടാള്‍ക്കും ഞാന്‍ ഓരോ ഉമ്മ കൊടുത്തു. എന്തൊരു മിനുസ്സമാണെന്നോ അവരുടെ കവിളുകള്‍ക്ക്. പെണ്ണുങ്ങളുടെ കവിളുകളെക്കാള്‍ മിനുസം.

ഒരുപോലെ ഗംഭീരം
വളരെ ഏറെ കമ്മിറ്റ്‌മെന്റുള്ള നടന്മാരാണ് രണ്ട് പേരും. മോഹന്‍ലാല്‍ ബോണ്‍ ആക്ടറാണ്. സ്വന്തമായി കഷ്ടപ്പെട്ട് നടനായതാണ് മമ്മൂട്ടി. സെല്‍ഫ് മെയ്ഡ് ആക്ടര്‍. രണ്ടും ഒരുപോലെ ഗംഭീരമാണ്.

ലാലിന്റെ അഭിനയം
ഒരു സെക്കന്റ് കൊണ്ട് മോഹന്‍ലാലിന്റെ ഭാവങ്ങള്‍ മാറും. അതിനുള്ള അസാമാന്യമായ കഴിവുണ്ടയാള്‍ക്ക്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വിടര്‍ന്നു വരുന്ന പൂവിനെ പോലെയായിരുന്നു അയാളുടെ അഭിനയം.

മമ്മൂട്ടിയുടെ കുടുംബം
മമ്മൂട്ടിയുടെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. അയാളുടെ ബാപ്പ മരിച്ച സമയത്തായിരുന്നു. അടയ്ക്കാ കൃഷിയൊക്കെയുള്ള സാധാരണ കുടുംബമാണ്. പുറത്ത് കുറേ ജാഡയൊക്കെ കാണിക്കുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ പച്ചപ്പാവമാണ് മമ്മൂട്ടി. വീട്ടില്‍ പോയാല്‍ അത് മനസ്സിലാവും. പാവം ഒരു സാധാരണ മനുഷ്യന്‍. അയാള്‍ ഇത്ര നല്ല അഭിനേതാവാന്‍ കാരണം തന്നെ ആ കുടുംബ പശ്ചാത്തലമാണ്.

ലാലിന്റെ കുടുംബം
മോഹന്‍ലാല്‍ പക്ഷെ വലിയൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നു വരുന്ന ആളാണ്. ഫിനാന്‍സ് സെക്രട്ടറിയായിരുന്നു അച്ഛന്‍. രാത്രി സുഹൃത്തുക്കള്‍ക്ക് റിട്ടയര്‍മെന്റ് പാര്‍ട്ടി കൊടുത്ത ശേഷവും, പിറ്റേന്ന് പതിവുപോലെ അദ്ദേഹം ഓഫില്‍ പോയി. അത്രകണ്ട് കമ്മിറ്റഡായിരുന്നു അദ്ദേഹം ജോലിയില്‍. അങ്ങനെയൊരു വലിയ അച്ഛന്റെ മകനാണ് ലാല്‍. അമ്മയ്ക്കും നല്ല വിദ്യാഭ്യാസവും സംഗീതവുമുണ്ട്.

ലാലിന്റെ പെരുമാറ്റം
നല്ല ഗ്രേസുള്ള നടനാണ് മോഹന്‍ലാല്‍. നല്ല വായന, ഒരുപാട് സൗഹൃദങ്ങള്‍. എല്ലാവരെയും ഇഷ്ടമാണ്. എന്റെ സുഹൃത്തുക്കളെ കാണുമ്പോള്‍ അയാള്‍ ചോദിക്കും, 'പുനത്തിലിനെ കാണാറുണ്ടോ.. ഏത് കാമുകിയാണ് ഇപ്പോള്‍ കൂടെയുള്ളത്' എന്നൊക്കെ.

നേരെ വിപരീതമാണ് മമ്മൂട്ടി
മോഹന്‍ലാലില്‍ നിന്ന് നേരെ വിപരീതമാണ് മമ്മൂട്ടി. കുറച്ച് കടുംപിടുത്തക്കാരനാണ്. വിട്ടുകളിക്കില്ല. ചതുരംഗക്കള്ളിയില്‍ ജീവിക്കുന്ന ആളാണ്. എംടി വിളിച്ചിട്ട് ആസാദിന്റെ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാന്‍ പോയിരുന്നു. നല്ല സുന്ദരന്‍ ചെക്കനായിരുന്നു മമ്മൂട്ടി. ഷൂട്ടിങിനിടെ സുകുമാരന്‍ മമ്മൂട്ടിയെ വിരട്ടുന്നത് കണ്ട് എംടി അടുത്ത് വിളിച്ചു പറഞ്ഞു, 'നീയിങ്ങനെ വിരട്ടാതെ.. പുതിയ ആളല്ലേ.. കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്' എന്ന്.

മമ്മൂട്ടിയുടെ അഭിനയം
യവനിക എന്ന ചിത്രം കണ്ടപ്പോഴാണ് മമ്മൂട്ടിയുടെ അഭിനയം എന്നില്‍ മതിപ്പുളവാക്കിയത്. അതില്‍ അയാള്‍ നായകനൊന്നുമല്ല. പക്ഷെ ആ സിനിമ കാണുമ്പോള്‍ ജേക്കബ് ഈരാളി എന്ന പോലീസുകാരനെ നമ്മള്‍ ശരിക്കും ഇഷ്ടപ്പെട്ടുപോകും - പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.


Click it and Unblock the Notifications