സത്യന്‍ അന്തിക്കാട് മഞ്ജുവിനെ ആദ്യം കണ്ടതെങ്ങനെ?
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളൊരു കാര്യമാണ്. ലോഹിതദാസ് തിരക്കഥയെഴുതിയ നവാഗതനായ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന സല്ലാപത്തിന്റെ സെറ്റ്. ലോഹിതദാസ് ക്ഷണിച്ചതനുസരിച്ച് ചിത്രീകരണം കാണാന്‍ ചെന്നതാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നായകര്‍ ദിലീപും മനോജ് കെ. ജയനും. രണ്ടുപേരെയും അന്തിക്കാടിന് അറിയാം. ഒരിക്കലും സിനിമാ നടിയെന്നു തോന്നിക്കാത്തൊരു പെണ്‍കുട്ടിയെ സത്യന്റെ മുന്നിലേക്കു നിര്‍ത്തി ലോഹിതദാസ് പറഞ്ഞു- ഇവാള്ാ നായിക. മഞ്ജു. മഞ്ജുവാര്യര്‍. പ്രത്യേകിച്ച് അത്ഭുതമോ, ബഹുമാനമോ കാണിക്കാതെ മഞ്ജു സത്യനോട് ഹലോ പറഞ്ഞു.
അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മഞ്ജുവിന്റെ ഭാവം മാറുന്നതും അനായാസമായി കാമറയ്ക്കു മുന്നില്‍ പെരുമാറുന്നതും സത്യന്‍ ശ്രദ്ധിച്ചു. ചിത്രീകരണമില്ലാത്ത സമയത്ത് സത്യന്‍ അവളെ മാറ്റിനിര്‍ത്തി പറഞ്ഞു. ഒരു സീന്‍ വായിക്കുമ്പോള്‍ അതെങ്ങനെ അവതരിപ്പിക്കണമെന്ന് അഭിനയിക്കുന്നവരുടെ മനസ്സില്‍ തോന്നലുണ്ടാകണം. ആ തോന്നലിനനുസരിച്ച് ചെയ്താലേ സ്വന്തം ശൈലിയില്‍ അഭിനയിക്കാന്‍ പറ്റൂ.

ഒരു നിമിഷം പോലും സംശയിക്കാതെ മഞ്ജു പറഞ്ഞു ഞാനങ്ങനെ തന്നെയാണു ചെയ്തുകൊണ്ടിരിക്കുന്നതും. എന്തൊരു ആത്മവിശ്വാസം. സത്യന്‍ അത്ഭുതപ്പെട്ടുപോയി. ഒരു കൂസലുമില്ലാതെ മഞ്ജു അഭിനയിച്ചു. ആദ്യ ടേക്കില്‍ തന്നെ ഒകെയായി. സത്യന്‍ ലോഹിയോടു പറഞ്ഞു- മഞ്ജു തികഞ്ഞൊരു കലാകാരിയാണ്. ജന്മസിദ്ധമായ കഴിവുകൊണ്ട് ദൈവം അനുഗ്രഹിച്ചവള്‍.
അന്നു മഞ്ജു കാണിച്ച ആ കഴിവ് ഈ രണ്ടാംവരവിലും ആവര്‍ത്തിക്കുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് അഭിമുഖത്തില്‍ പറഞ്ഞത്. സത്യന്‍ സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുകയാണ് മഞ്ജു. ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യും. ലാല്‍-മഞ്ജു മാജിക് കാണാന്‍ ഇനി നാളുകള്‍ മാത്രം.


Click it and Unblock the Notifications